മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയുണ്ടായി.ഈ വർഷം അവസനമായിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുക. അതേസമയം മോഹൻലാൽ നായകനായെത്തുന്ന ഒരു ചരിത്രസിനിമയും റിലീസിന് തയ്യാറെടുക്കുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ആണ് ഷൂട്ടിങ് പൂർത്തിയാക്കി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരിക്കുന്നത്. മോഹൻലാൽ മരക്കാർ ആകുന്ന ഈ ചിത്രവും ഈ വർഷം അവസാനം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് .അങ്ങനെ സംഭവിക്കുകയാണെങ്കിൽ മാമാങ്കവും മരയ്ക്കാറും ഒരേസമയം തിയേറ്ററുകളിൽ ഏറ്റുമുട്ടുന്ന അസുലഭ കാഴ്ചയായിരിക്കും കേരളത്തിലെ തിയേറ്ററുകൾ സാക്ഷ്യംവഹിക്കുക. രണ്ടും ചരിത്രപ്രാധാന്യം നിറഞ്ഞ ചിത്രമായതിനാൽ തന്നെ തിയേറ്ററുകളിൽ വീറും വാശിയും വർദ്ധിക്കുമെന്ന് ഉറപ്പ്. എന്നാൽ മരയ്ക്കാർ റിലീസ് അടുത്ത വർഷത്തേക്ക് നീങ്ങുമെന്ന തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഒഫീഷ്യലായി അനൗൺസ്മെന്റിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.