മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഈ വർഷം റിലീസിനെത്തും. പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ നിൽക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.ഇപ്പോൾ ഉണ്ണി മുകുന്ദന്റെ പിറന്നാൾ പ്രമാണിച്ച് പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉണ്ണി മുകുന്ദന്റെ കിടിലൻ ലുക്ക് തന്നെയാണ് പോസ്റ്ററിലെ ഹൈലൈറ്റ്.ഉണ്ണിയുടെ മുപ്പത്തി രണ്ടാം പിറന്നാൾ ആണിന്ന്.
മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രത്തില്‍ മോഹൻ, സുദേവ് നായർ, മണിക്കുട്ടൻ, സിദ്ദിഖ്, തരുൺ രാജ് അറോറ, അബു സലിം, വത്സലാ മേനോൻ, നിലമ്പൂർ ആയിഷ, ഇടവേള ബാബു, സുധീർ സുകുമാരൻ, മാസ്റ്റർ അച്യുത് തുടങ്ങിയവരും വേഷമിടുന്നുണ്ട്.