മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കം ഈ വർഷം ഒക്ടോബറിൽ റിലീസിന് എത്തും എന്നാണ് റിപ്പോർട്ടുകൾ. സജീവ് പിള്ളൈ തുടങ്ങി വെച്ച് പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ പൂർത്തിയാക്കിയ ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മിക്കുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ നിൽക്കുന്ന ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തുവരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ചിത്രത്തിന്റെ ഡി ഐ ജോലികൾ ആണ് നടക്കുന്നത് എന്നും ടീസർ ഉടൻ പ്രതീക്ഷിക്കാം എന്നും നിർമാതാവ് വേണു കുന്നപ്പള്ളി പറയുന്നു.
മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് തന്നെ മാമാങ്കത്തിന്റെ ടീസർ പുറത്ത് വരും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, സുദേവ് നായർ തുടങ്ങിയവരും ബോളിവുഡ് നടി പ്രാചി ടെഹ്ലനും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ശാം കൗശൽ, ത്യാഗരാജൻ മാസ്റ്റർ എന്നിവർ ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും.