വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന ഒറ്റ കാരണത്താൽ ഏറെ പബ്ലിസിറ്റി കരസ്ഥമാക്കിയ ചിത്രമാണ് മാർക്കോണി മത്തായി. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻ ജയറാമും കൂടിയുണ്ട് ചിത്രത്തിൽ എന്ന വാർത്ത ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ ഏറ്റു വാങ്ങിയത്. 2002ൽ ഉത്തര എന്ന ചിത്രം ഒരുക്കിയ സനിൽ കളത്തിന്റെ രണ്ടാമത്തെ ചിത്രമായ മാർക്കോണി മത്തായി ഉത്തരയിൽ നിന്നും വ്യത്യസ്തമായി കൊമേഴ്സ്യൽ ചേരുവകൾ ഒത്തിണങ്ങിയ ചിത്രമാണ് മാർക്കോണി മത്തായി. എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന, സംഭവിക്കാവുന്ന ഒരു കഥ തന്നെയാണ് മാർക്കോണി മത്തായിയുടേത്.
ദൈന്യംദിന ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്ന അല്ലെങ്കിൽ നമ്മളിൽ തന്നെയുള്ളൊരു ആളാണ് മത്തായി. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ എല്ലാവർക്കും സന്തോഷം മാത്രം പകർന്ന് കടന്നു പോകുന്ന മനുഷ്യൻ. അഞ്ചങ്ങാടി എന്ന ഒരു തുരുത്തിൽ ഏറെ ശ്രമപ്പെട്ട് മത്തായി ഒരു ആന്റിന റെഡി ആക്കുകയും എഫ്എം റേഡിയോ നാട്ടുകാർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നു. ഇത്ര നാളായിട്ടും വിവാഹം കഴിച്ചിട്ടില്ലാത്ത മത്തായിയുടെ ജീവിതത്തിലേക്ക് അയാൾ സെക്യൂരിറ്റിയായി ജോലി നോക്കുന്ന ബാങ്കിൽ പാചകക്കാരിയും ക്ലീനറുമായ അന്ന കടന്നു വരുന്നു. മത്തായിയുടെ സുഹൃത്തുക്കളാണ് ഈ പ്രണയത്തിന് ചുക്കാൻ പിടിക്കുന്നത്. ഇതിന്റെ ഇടയിലേക്കാണ് വിജയ് സേതുപതിയായി തന്നെ തമിഴ് താരം വിജയ് സേതുപതിയുടെ വരവ്. അതിന് കാരണമാകുന്നത് ഒരു എഫ്എം പരിപാടിയും. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വിന്റെജ് ജയറാമിന്റെ ഒരു തിരിച്ചു വരവ് ഈയിടെയായി അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട്. മാർക്കോണി മത്തായിയും അത് ഉറപ്പ് തരുന്നുണ്ട്. കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തികച്ചും പ്രകടമാകുന്നുണ്ട് ചിത്രത്തിൽ. വിജയ് സേതുപതി – ജയറാം കൂട്ടുക്കെട്ട് പ്രേക്ഷകർക്ക് ഒരു ഫീൽ ഗുഡ് എന്റർടൈണർ തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. മലയാളികൾക്ക് വിജയ് സേതുപതിയോടുള്ള ഇഷ്ടം കൂടുതൽ ഉയരങ്ങളിലേക്കാണ് ഈ ചിത്രത്തിലൂടെ എത്തിയിരിക്കുന്നതും. നായികയായി എത്തുന്ന ജോസഫ് ഫെയിം ആത്മീയക്ക് സ്ക്രീൻ സ്പേസ് കുറവായിരുന്നെങ്കിൽ പോലും തന്റേതായ രീതിയിൽ ആ കഥാപാത്രത്തെ ആത്മീയ മനോഹരമാക്കിയിട്ടുണ്ട്. ഹരീഷ് കണാരൻ, നെടുമുടി വേണു, സിദ്ധാർഥ് ശിവ, അജു വർഗീസ് തുടങ്ങിയവരും അവരുടെ റോളുകൾ മനോഹരമാക്കി. സാജൻ കളത്തലിന്റെ ഛായാഗ്രഹണവും സജിൻ കളത്തിൽ, റെജിഷ് മിഥില എന്നിവർ ചേർന്നൊരുക്കിയ തിരക്കഥയും പ്രശംസനീയമാണ്. എം ജയചന്ദ്രനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. മികച്ചൊരു ഫീൽ ഗുഡ് എന്റർടൈനർ കാണുവാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഒരു നല്ല ചോയ്സാണ് മാർക്കോണി മത്തായി.