മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത് കുഞ്ഞാലി മരക്കാർ നാലാമന്റെ വേഷമാണ്. ചിത്രത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു കാസ്റ്റിങ്ങിനെ കുറിച്ചുള്ള വിവരം പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മലയാളസിനിമയിൽ തലമുറകളുടെ മാറ്റം നേരിട്ട് ദർശിക്കുകയും അവയിലെല്ലാം ഭാഗമാവുകയും ചെയ്ത പദ്മശ്രീ മധു സാറാണ് മരക്കാറുടെ തലമുറയിലെ ഒന്നാമനായ കുട്ട്യാലി മരക്കാറെ അവതരിപ്പിക്കുന്നത്. രണ്ടാമനും മൂന്നാമനുമാകാൻ ചിരഞ്ജീവി, കമൽ ഹാസൻ, അമിതാഭ് ബച്ചൻ എന്നിങ്ങനെ പലരുമായി ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. അന്യഭാഷകളിൽ നിന്നും ഇന്ത്യക്ക് പുറത്ത് നിന്നുമെല്ലാമായി ഒരു വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തിരക്കഥ പൂർത്തിയായ ചിത്രം നവംബർ മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.