സംവിധായകൻ വിനയന്റെ പുതിയ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. ചിത്രത്തിന്റെ കാരക്ടർ പോസ്റ്ററുകൾ ഓരോന്നായി ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. മാധുരി ബ്രഗാൻസ അഭിനയിക്കുന്ന കാത്ത എന്ന കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്ററാണ് ഇന്ന് പുറത്തിറക്കിയത്. ചിത്രത്തിന്റെ ഇരുപത്തിമൂന്നാമത്തെ കാരക്ടർ പോസ്റ്റർ ആണിത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിനയൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വിനയൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, ‘മാധുരി ബ്രഗാൻസ അഭിനയിക്കുന്ന കാത്ത എന്ന കഥാപാത്രത്തെ ആണ് ‘പത്തൊൻപതാം നൂറ്റാണ്ടി’ൽ ഇരുപത്തി മുന്നാമത്തെ കാരക്ടർ പോസ്റ്റർ ആയി പരിചയപ്പെടുത്തുന്നത്. ആ കാലഘട്ടത്തിൽ തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയുടെ കാമുകി ആയിരുന്നു കാത്ത. ഒന്നിലധികം കാമുകിമാരുണ്ടായിരുന്ന കൊച്ചുണ്ണി ഒടുവിൽ പിടിക്കപ്പെടുന്നത് അതിലൊരുത്തി ഒറ്റു കൊടുത്തതു കൊണ്ടാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. പക്ഷേ ‘പത്തൊൻപതാം നൂറ്റാണ്ടി’ലെ ‘കാത്ത’ സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു. കായംകുളം കൊച്ചുണ്ണി കൈക്കലാക്കുന്ന മോഷണമുതലിനപ്പുറം കാത്തക്ക് വേറെ ചില ഉദ്ദേശങ്ങളും ഉണ്ടായിരുന്നു’
സിജു വിൽസൺ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകനും പോരാളിയും ആയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദാണ് കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കുന്നത്. ഇവരെ കൂടാതെ അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, സുധീർ കരമന തുടങ്ങി ഒട്ടനവധി പ്രശസ്ത താരങ്ങളും അണിനിരക്കുന്നു. ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രം ഏപ്രിൽ മാസം തിയറ്ററുകളിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. അതിനു മുൻപായി ഏതാണ്ട് അൻപതോളം കാരക്ടർ പോസ്റ്ററുകൾ പ്രേക്ഷകരെ പരിചയപ്പെടുത്താനായി എത്തുമെന്ന് വിനയൻ പറഞ്ഞു.