2015 ൽ നിവിൻ പോളി നായകനായി മൂന്നു നായികമാർ അണിനിരന്ന ചിത്രമായിരുന്നു പ്രേമം. 2015 ൽ പ്രേക്ഷകർ ഏറ്റെടുത്ത ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു അത്. മൂന്ന് നായികമാരിൽ ഒരാളായി എത്തിയത് മഡോണ സെബാസ്റ്റ്യൻ ആയിരുന്നു. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തന്റെതായ സ്ഥാനം നേടിയ മഡോണ സെബാസ്റ്റ്യൻ പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്കായി കാഴ്ചവെച്ചു. പൃഥ്വിരാജ് നായകനായി എത്തിയ ബ്രദേഴ്സ് ഡേ ആണ് താരത്തിന്റെ ഏറ്റവും അവസാനത്തെ മലയാളചിത്രം.
താരത്തെ പറ്റിയുള്ള ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ട് അധികകാലം ആയില്ല. ഒരു അഭിമുഖത്തിൽ താൻ ഒന്നര വയസ്സിൽ നീന്തി എന്ന ഭാഗം കട്ട് ചെയ്തെടുത്ത് ട്രോൾ ആക്കി മാറ്റുകയായിരുന്നു. ഇത് സോഷ്യൽ മീഡിയ ആഘോഷമാക്കി മാറ്റി. എന്നാൽ ഇപ്പോൾ ഈ കാര്യത്തിൽ നന്ദിപറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് മഡോണ. ഈ ട്രോളുകൾ വൈറലായതോട് കൂടി തനിക്ക് നിരവധി അവസരങ്ങൾ ലഭിച്ചുവെന്നും നിരവധി സംവിധായകർ കഥ പറയാൻ തന്റെ അടുത്തുവന്നു എന്നും നിരവധി പരസ്യങ്ങളിൽ തന്നെ വിളിച്ചു എന്നും താരം പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ:
എനിക്കത് പുതിയ അനുഭവമായിരുന്നു. ആദ്യത്തെ ട്രോൾ. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പിന്നെ ഞാൻ പറയുന്നത് സത്യമാണോ, അല്ലയോ എന്ന് അവർക്ക് അറിയില്ലല്ലോ. സത്യം പറഞ്ഞാൽ ട്രോളിന് ശേഷം പല സിനിമാക്കാരും എന്റടുത്ത് കഥ പറയാൻ വന്നു തുടങ്ങി. പരസ്യങ്ങളിലേക്കുളള വിളി വന്നു. ഇങ്ങനെയൊരാൾ ഉണ്ടല്ലോ എന്ന് എല്ലാവരെയും ഓർമ്മിപ്പിച്ചതിന് ട്രോളൻമാർക്കും നന്ദി.