മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂക്ക – വൈശാഖ് കൂട്ടുകെട്ടിലെ ബിഗ് ബജറ്റ് ചിത്രം മധുരരാജയുടെ ക്ലൈമാക്സ് ഷൂട്ട് ഇന്ന് ആരംഭിച്ചു. വമ്പൻ ഹിറ്റായി തീർന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗമായ ഈ ചിത്രത്തിൽ മാസും കോമഡിയും നിറഞ്ഞ രാജ എന്ന കഥാപാത്രത്തെ തന്നെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് ഒരു കിടിലൻ ക്ലൈമാക്സാണ് ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ വൈശാഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
“ക്ലൈമാക്സ് രംഗത്തിനായി ഞങ്ങൾ വിഷ്വൽ എഫക്ട്സ് ഉപയോഗിക്കുന്നുണ്ട്. അത് തീർച്ചയായും ഒരു ദൃശ്യവിസ്മയമായിരിക്കും. പ്രേക്ഷകർ അത്ഭുതപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, പ്രത്യേകിച്ച് ക്ലൈമാക്സിലെ ആക്ഷൻ രംഗങ്ങൾ കണ്ട്.” തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും ക്ലൈമാക്സിനെ കുറിച്ച് ഏറെ പ്രതീക്ഷകളാണ് പങ്ക് വെച്ചിട്ടുള്ളത്. വിഷു റിലീസായി തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ എന്നിവരാണ് നായികമാരായി എത്തുന്നത്. തമിഴ് താരം ജയ്, ബാലചന്ദ്രൻ ചുള്ളിക്കാട്, സലിം കുമാർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിലെല്ലാം ഉപരി സണ്ണി ലിയോൺ മധുരരാജയിലൂടെ ആദ്യമായി ഒരു മലയാളഗാനത്തിനായി ചുവട് വെക്കുന്നു എന്നതും ഏറെ പ്രതീക്ഷകൾ പകരുന്നതാണ്