സംവിധായകൻ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും മലയാളികൾക്ക് ഏറെ പരിചിതനായ വ്യക്തിയാണ് മേജർ രവി. കീർത്തിചക്ര, കുരുക്ഷേത്ര, പിക്കറ്റ് 43 എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം നിർവഹിച്ചിട്ടുണ്ട്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ദിലീപും മേജർ രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലിൽ തുടങ്ങുമെന്നാണ് അറിയുന്നത്. നോർത്ത് ഇന്ത്യയിൽ വെച്ചുള്ള ഒരു പ്രണയകഥയാണ് ചിത്രം. ബെന്നി പി നായരമ്പലമാണ് തിരക്കഥ.
എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല എന്നാണ് മേജർ രവി വ്യക്തമാക്കുന്നത്. നാളെ തീയറ്ററുകളിൽ എത്തുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് അഭിനേതാവ് എന്ന നിലയിൽ മേജർ രവിയെ ഇനി പ്രേക്ഷകർ കാണുവാൻ പോകുന്നത്. അതേ സമയം ദിലീപ് നാദിർഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ജോഷി ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഒരു ജേർണലിസ്റ്റിന്റെ വേഷത്തിലും ദിലീപ് അഭിനയിക്കുന്നുണ്ട്.