ഫീസടക്കാൻ പണമില്ലാതെ വലഞ്ഞ കോളേജ് വിദ്യാർത്ഥിക്ക് സഹായമേകി സംവിധായകൻ മേജർ രവി. തൃക്കാക്കര കെ എം എം കോളജിലെ വിദ്യാര്‍ത്ഥിയ്ക്കാണ് മേജര്‍ രവി കൈത്താങ്ങായത്. അര്‍ബുദ ബാധിതനായ പിതാവിന്റെ ചികിത്സയ്ക്ക് പണം ചെലവഴിച്ചതിനാല്‍ സെമസ്റ്റര്‍ ഫീസടയ്ക്കാന്‍ തന്റെ കൈയില്‍ പണമില്ലെന്ന് സുഹൃത്തുക്കള്‍ക്കയച്ച വാട്സാപ്പ് മെസ്സേജ് ആരോ മേജര്‍ രവിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച കോളജില്‍ നേരിട്ടെത്തി ഫീസടയ്ക്കാനുള്ള പണം മേജര്‍ രവി നല്‍കിയത്.
പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തിയ സംവിധായകന്റെ ആവശ്യപ്രകാരം വിദ്യാര്‍ത്ഥിയെ റൂമിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് 18,000 രൂപയും വിദ്യാര്‍ത്ഥിയെ കൊണ്ട് തന്നെ പ്രിന്‍സിപ്പലിന് കൊടുക്കുകയും ചെയ്തു. കടമായാണ് പണം തരുന്നതെന്നും പഠിച്ച് ഉന്നത നിലയിലെത്തുമ്പോള്‍ ആവശ്യക്കാരെ സഹായിച്ച് ആ കടം വീട്ടണമെന്നും ഉപദേശിച്ചാണ് സംവിധായകന് മടങ്ങിയത്.