സിനിമയെ സ്നേഹിക്കുന്നവർക്ക് മലൈക്കോട്ടൈ വാലിബൻ ഒരു പുതുഊർജ്ജം നൽകും. മോഹൻലാൽ മീശ പിരിക്കുന്നത് കാണാനും മുണ്ട് മടക്കികുത്തുന്നത് കാണാനും മാസ് ഡയലോഗ് പറയുന്നത് കേൾക്കാനും ആഗ്രഹിക്കുന്നവർക്ക് വാലിബൻ നിരാശ സമ്മാനിക്കും. കാരണം, ഇത് ഒരു മാസ് പടമല്ല. ഒരു ക്ലാസ് പടമാണ്. മലയാള സിനിമയിലെ ക്ലാസിക് സിനിമകളിലേക്ക് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്ന് ഒരുക്കിയ പൊൻതൂവലാണ് ‘മലൈക്കോട്ടൈ വാലിബൻ’. മോഹൻലാൽ എന്ന നടനെ ഇഷ്ടപ്പെടുന്നവർക്ക് എന്നെന്നും ഓർത്തു വെയ്ക്കാനുള്ള ഒരു സമ്മാനം കൂടിയാണ് വാലിബൻ എന്ന കഥാപാത്രം.
ആദ്യത്തെ സീൻ മുതൽ ആ അദ്ഭുത ലോകത്തിന്റെ വാതായനം നമുക്ക് മുന്നിൽ തുറക്കുകയാണ്. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ലോകം. കേട്ടിട്ടില്ലാത്ത ഒരു ലോകം. ഒരു അദ്ഭുത ലോകം. ഒരു കാര്യം ആദ്യമേ പറയാം, ടിനു പാപ്പച്ചൻ പറഞ്ഞതു പോലെ മോഹൻലാലിന്റെ എൻട്രിയിൽ തിയറ്റർ കുലുങ്ങില്ല. പക്ഷേ, തിയറ്റർ കിടുങ്ങുന്ന രംഗങ്ങൾ വേറെയുണ്ട്. ‘വാഹ്’ എന്ന് അത്ഭുതപ്പെട്ട് വാ പൊളിച്ചിരുന്ന് പോകുന്ന രംഗങ്ങളും ഉണ്ട്. എന്നാൽ, ഇതെന്താ ഇങ്ങനെ എന്നും ചിലപ്പോൾ നിങ്ങൾക്ക് തോന്നും. ആദ്യപകുതി കുറച്ച് പതിയെയാണ് പോകുന്നത്. വാലിബനെക്കുറിച്ചും അദ്ദേഹത്തിന്റെ കരുത്തിനെക്കുറിച്ചും ആദ്യപകുതിയിൽ പ്രേക്ഷകന് പിടി കിട്ടും. പക്ഷേ, ഇതെന്താ ഇങ്ങനെ എന്നൊരു തോന്നലുണ്ടാകും. കാരണം, ഈ സിനിമ ഒരു പഞ്ചാരിമേളം പോലെയാണ്. പതിയെ കൊട്ടിക്കയറി രസിപ്പിച്ചിരുത്തുന്ന ഒരു ചിത്രം.
ആദ്യപകുതി കഴിയുമ്പോൾ ഇനിയെങ്ങനെ എന്നൊരു ചോദ്യം മനസിൽ വരും. പക്ഷേ, രണ്ടാം പകുതിയുടെ തുടക്കം മുതൽ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാതെ ഇരുന്ന് പോകും. എന്ത് മനോഹരമായ വിഷ്വലുകൾ. ഈ സിനിമ ഒരു ഇന്റർനാഷണൽ ലെവൽ ചിത്രമാണ്. തല്ലും അടിയും മാസ് ഡയലോഗും പ്രതീക്ഷിച്ച് ചെല്ലുന്ന ലോ ക്ലാസിനെ ഇത് തൃപ്തിപ്പെടുത്തില്ല. കാരണം, ഇതൊരു ക്ലാസ് പടമാണ്, മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയിലെ ഒരു ക്ലാസിക് ആണ്. മധു നീലകണ്ഠന്റെ ക്യാമറ എടുത്തു പറയണം. എടുത്തു വെച്ചിരിക്കുന്ന ഫ്രയിമുകൾ അത്രയും മനോഹരമാണ്. അതിമനോഹരമായ വിഷ്വലുകൾ. ഒരു ദൃശ്യവിരുന്ന് ആണ് ഈ സിനിമ സമ്മാനിക്കുന്നത്. പ്രത്യേകിച്ച് സെക്കൻഡ് ഹാഫ് തുടക്കം മുതൽ. ദൃശ്യങ്ങളോടും രംഗങ്ങളോടും ചേർന്നു നിൽക്കുന്ന പശ്ചാത്തലസംഗീതവും ഗാനങ്ങളും. ആർട്ട് ഒരുക്കിയ ഗോകുൽ ദാസ്, കോസ്റ്റ്യൂം ഒരുക്കിയ രതീഷും സുജിത്തും ഒപ്പം മേക്കപ്പ്മാൻ ആയ റോണക്സ് സേവ്യർ; വാലിബനെ വാലിബൻ ആക്കിയതിലും ആ കാലഘട്ടം നമ്മളിലേക്ക് മനോഹരമായി എത്തിച്ചതിലും ഇവരുടെ പങ്ക് വളരെ വലുതാണ്. അതുപോലെ തന്നെ വിഷ്വൽ എഫക്ട്സും സൌണ്ടും – ഗംഭീരം എന്ന് മാത്രമേ പറയാനുള്ളൂ.
മോഹൻലാലിന്റെ കഥാപാത്രത്തിന് ഒപ്പം നിൽക്കുന്നതാണ് ഹരീഷ് പേരടിയുടെ കഥാപാത്രവും. ഒപ്പം മനസിൽ മായാതെ നിൽക്കുന്നത് ഡാനിഷ് സെയ്ത് ആണ്. മല്ലൻമാരും അവരുടെ പോരാട്ടവും പോരാട്ടത്തിന് മുമ്പുള്ള വിളംബരവും എല്ലാം ചേർന്ന് ഒരു മുത്തശ്ശിക്കഥയേക്കാൾ സുന്ദരമായ ലോകത്തേക്കാണ് പ്രേക്ഷകരെ സിനിമ എത്തിക്കുന്നത്. കുട്ടികൾക്ക് പോലും ഈ സിനിമ രസിക്കും. കാരണം, ഞാൻ ഈ സിനിമ കണ്ടത് ഒരു എട്ടു വയസുകാരിക്ക് ഒപ്പമായിരുന്നു. തിയറ്ററിൽ കയറുന്നതിനു മുമ്പ് പോലും എനിക്ക് ഉറങ്ങണം എന്ന് പറഞ്ഞ ആ കുഞ്ഞ് സിനിമ തുടങ്ങിയതിനു ശേഷം ഒരു നിമിഷം പോലും കണ്ണടച്ചില്ല. ഇടവേള സമയത്ത് അഭിപ്രായം ചോദിച്ചപ്പോൾ ഇഷ്ടപ്പെട്ടെന്ന മറുപടി. സിനിമ കഴിഞ്ഞപ്പോൾ രണ്ടാം ഭാഗം ഇപ്പോൾ തന്നെ കാണാൻ പറ്റുമോ എന്നായിരുന്നു ചോദ്യം. ഒരു കൊച്ചു കുഞ്ഞിന് പോലും ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്നു ഈ സിനിമ.
ദൃശ്യവിരുന്നിനെക്കുറിച്ചും ഗ്രാഫിക്സിനെക്കുറിച്ചും മ്യൂസിക്കിനെക്കുറിച്ചുമെല്ലാം പറഞ്ഞുപോകുമ്പോൾ പറയാൻ വിട്ടു പോകുന്ന ഒരു കാര്യമുണ്ട്. ഇതിലെ സംഭാഷണങ്ങൾ. അത്രയും മനോഹരമായ മലയാളത്തിലാണ് ഇതിലെ ഓരോ സംഭാഷണങ്ങളും. അതുകൊണ്ടു തന്നെ ഈ സിനിമയ്ക്കു വേണ്ടി തിരക്കഥ ഒരുക്കിയ പി എസ് റഫീഖ് പ്രത്യേക കൈയടി അർഹിക്കുന്നുണ്ട്. ദീപു എസ് ജോസഫിന്റെ എഡിറ്റിംഗും ചിത്രത്തിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. ലോക സിനിമയ്ക്ക് മുമ്പിൽ മലയാളത്തിന് അഭിമാനമാകുന്ന ചിത്രമായി മാറും മലൈക്കോട്ടൈ വാലിബൻ.
ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 130 ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീക്ക് ആണ്. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ട്.