മലയാള സിനിമയിൽ എണ്ണപ്പെരുപ്പവും വൻ നഷ്ടങ്ങളും അപൂർവം ഹിറ്റുകളും നിറഞ്ഞ വർഷമായിരുന്നു ഈ 2019. 192 സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്തതിൽ 23 എണ്ണത്തിനു മാത്രം ഓണം മുടക്കുമുതൽ മുതൽ തിരിച്ചു കിട്ടിയപ്പോൾ തിരികെ കിട്ടിയത് വെറും 12 ശതമാനം ആയി മാറിയിരിക്കുന്നു. 800 കോടിയിലേറെ ഈ സിനിമകളിലായി നിക്ഷേപം നടന്നിട്ടുണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കണക്കാക്കുമ്പോൾ അതിൽ 550 കോടിയിലേറെ നഷ്ടമാണ്. മാമാങ്കം ഉൾപ്പടെ കഴിഞ്ഞ ആഴ്ചകളിൽ റിലീസ് ചെയ്ത ഏതാനും പടങ്ങളുടെ കലക്ഷനും റൈറ്റ്സ് വരുമാനവും ഇനിയും വരാനിരിക്കുന്നതിനാൽ അതു പരിഗണിക്കാതെയുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2018 ൽ ആകെ 152 സിനിമകളാണ് റിലീസ് ചെയ്തത് എങ്കിൽ ഈ വർഷം അത് 192 ആയി മാറിയിരിക്കുകയാണ്. വെള്ളിയാഴ്ചകളിൽ എല്ലാം ശരാശരി നാലു പടങ്ങളോളം റിലീസ് ചെയ്ത വർഷവുമാണിത്. മുടക്കുമുതൽ തിരിച്ചുകിട്ടിയ 23 പടങ്ങളിൽ 7 എണ്ണം മാത്രമാണ് തിയറ്ററിലെ കലക്ഷൻകൊണ്ടു തന്നെ അത് നേടിയപ്പോൾ ബാക്കിയുള്ളവ സാറ്റലൈറ്റ്,ഡിജിറ്റൽ അവകാശങ്ങളെൽ നിന്നെല്ലാമുള്ള വരുമാനം കൊണ്ടാണ് രക്ഷപെട്ടത്. 192 പടങ്ങളിൽ 10 കോടിയിലേറെ മുതൽമുടക്ക് 12 എണ്ണത്തിനാണ്. മാമാങ്കത്തിനും (56 കോടി) ലൂസിഫറിനും (36 കോടി) ജാക്ക് ഡാനിയേലിനും (16 കോടി) കൂടി മാത്രം 100 കോടിയിലേറെ മുതൽ മുടക്കുണ്ട്. ശരാശരി 5 കോടി മുതൽമുടക്കുള്ള 40 പടങ്ങളുണ്ട്. ശരാശരി 2 കോടി മുടക്കുള്ള പടങ്ങൾ 80 എണ്ണമെങ്കിലുമുണ്ട്. അള്ള് രാമചന്ദ്രൻ, അഡാറ് ലൗ, ജൂൺ, കോടതി സമക്ഷം ബാലൻ വക്കീൽ, മേരാ നാം ഷാജി, അതിരൻ, ഒരു യമണ്ടൻ പ്രണയകഥ, ഇഷ്ക്ക്, വൈറസ്, ഉണ്ട, പതിനെട്ടാംപടി, പൊറിഞ്ചു മറിയം ജോസ്, ലൗ ആക്ഷൻ ഡ്രാമ, ഇട്ടിമാണി, ബ്രദേഴ്സ് ഡേ, ഹെലൻ എന്നിവയാണ് സാറ്റലൈറ്റ്,ഡിജിറ്റൽ റൈറ്റ്സിലൂടെ മുടക്കുമുതൽ തിരിച്ചു പിടിച്ചവ. വിജയ് സൂപ്പറും പൗർണമിയും കുമ്പളങ്ങി നൈറ്റ്സ്, ലൂസിഫർ, ഉയരെ, തണ്ണീർമത്തൻ ദിനങ്ങൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കെട്ട്യോളാണെന്റെ മാലാഖ. എന്നിവയാണ് തീയേറ്ററിൽ ഹിറ്റായ പടങ്ങൾ.