സിനിമയെന്നത് വിജയ പരാജയങ്ങളുടെ ഒരു ശൃംഖലയാണ്. ജേതാക്കൾ എന്നത് വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നവരല്ല കാര്യങ്ങളെ വ്യത്യസ്തങ്ങൾ ആയി ചെയ്യുന്നവരാണ്. സംവിധായകൻ വിജീഷ് മണിയും നിർമാതാവ് എ വി അനൂപും ഗിന്നസ് റെക്കോർഡിലേക്ക് നടന്നു കയറിയത് ഈ തത്വത്തെ പൂർണമായും ശരിവെച്ചുകൊണ്ടാണ്. ജാതി മത ചിന്തകൾക്ക് അതീതമായി ഏക ലോക ദര്ശനം ചമച്ച ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത വിശ്വഗുരു എന്ന സിനിമയിലൂടെ ഗിന്നസ് റെക്കോർഡ് ജേതാക്കളായിരിക്കുകയാണ് ഇവർ. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് നിർമിച്ച ചിത്രമെന്ന ബഹുമതിക്കാണ് വിശ്വഗുരു അർഹമായത്. എ വി എ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ വി അനൂപ് നിർമിച്ച ഈ സിനിമയുടെ സർഗ്ഗാല്മക നിർദ്ദേശം സച്ചിദാനന്ദ സാമിയുടെയും തിരക്കഥ-തിരക്കഥ-സംഭാഷണം പ്രമോദ് പയ്യന്നൂരും ക്യാമറ ലോകനാഥനുമാണ്. സ്ക്രിപ്ട് മുതൽ റിലീസ് വരെയുള്ള എല്ലാ കാര്യങ്ങളും ചുരുങ്ങിയ സമയത്തിൽ ചെയ്തു തീർത്തു എന്ന വസ്തുതയാണ് അവാർഡിന് അർഹമാക്കിയ പ്രധാന കാരണം.
നിലവിൽ ശ്രീലങ്കൻ സിനിമയുടെ റെക്കോർഡ് ആയ 71 മണിക്കൂറും 10 മിനിട്ടും എന്ന റെക്കോർഡ് ആണ് 51 മണിക്കൂറും മൂന്നു മിനിറ്റുമെടുത്തു പൂർത്തീകരിച്ചു വിശ്വഗുരു സ്വന്തമാക്കിയത്. മലയാള സിനിമ നവതി ആഘോഷങ്ങളിലേക്കു കടക്കുമ്പോൾ തികച്ചും പ്രശംസാവഹമാകുന്നു ഈ അംഗീകാരം. കഴിഞ്ഞ വർഷം ഡിസംബർ മാസം 27 ന് രാത്രി തിരക്കഥ എഴുതി ഷൂട്ടിംഗ് തുടങ്ങിയ ചിത്രം പിറ്റേന്ന് രാത്രി 11:30 ന് തിരുവനന്തപുരം നിള ടീയറ്ററിൽ പ്രദർശിപ്പിക്കുക ആയിരുന്നു. ടൈറ്റിൽ രജിസ്ട്രേഷൻ, പ്രൊഡക്ഷൻ ജോലികൾ,ഡിസൈനിങ് ,സെൻസറിങ് തുടങ്ങിയ പ്രദർശനം വരെയുള്ള എല്ലാ കാര്യങ്ങളും ഷൂട്ടിങ്ങിനു പുറമെ ഈ സമയ പരിധിക്കുള്ളിൽ ചെയ്തു തീർക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ സിനിമയെ മികച്ചതാകുന്നതിലുള്ള പ്രധാന വസ്തുത. കൈനക്കര, പുരുഷോത്തമൻ ,ഗാന്ധിയൻ ,ചാച്ചാ ശിവരാമൻ,കലാധരൻ ,കലാനിലയം രാമചന്ദ്രൻ ,ഹരികൃഷ്ണൻ ,കെ പി എ സി ലീല കൃഷ്ണൻ,കൃഷ്ണൻ പി കുര്യൻ ,ഷെജിൻ ,ബോബി പവിത്ര ,മാസ്റ്റർ ശരൺ എന്നിവരാണ് അഭിനേതാക്കൾ ചമയം പട്ടണം റഷീദ് ,വസ്ത്രലങ്കാരം ഇന്ദ്രൻസ് ജയൻ ,കല അർക്കൻ ,പശ്ചാത്തല സംഗീതം കിളിമാനൂർ രാമവർമ്മ ,പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ ഡോക്ടർ ഷാഹുൽ ഹമീദ് എന്നിവരാണ്. വർക്കല, ശിവഗിരി മഠം എന്നിവയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.