രണ്ട് തെരഞ്ഞെടുപ്പുകൾ, അതിന്റെ പശ്ചാത്തലത്തിൽ മനോഹരമായി പറഞ്ഞുപോകുന്ന ഒരു ചെറിയ ചിരിപ്പടം. അതാണ് ‘ഒരു വോട്ട്’ എന്ന ഹ്രസ്വചിത്രം. നിധിൻ അനിരുദ്ധൻ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരിൽ ചിരി ഉണർത്തുമെന്ന കാര്യത്തിൽ സംശയം ഒട്ടു വേണ്ട. ചിരിക്കിടയിൽ കണ്ണിന്റെ ഒരു കോണിൽ നനവ് പടർത്തുന്ന വൈകാരിക രംഗങ്ങൾ കൊണ്ടും ചിത്രം മനോഹരമാണ്. 25 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം പൈനാപ്പിൾ എന്റർടയിൻമെന്റിന്റെ യു ട്യൂബ് ചാനലിലാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്. സ്കൂൾ കാലഘട്ടങ്ങളിലെ ഇണക്കങ്ങളും പിണക്കങ്ങളും മാത്രമല്ല വളർന്നു വലുതായതിനു ശേഷവും എങ്ങനെയാണ് അവർക്ക് ആ സ്കൂൾ കാലഘട്ടം പ്രധാനപ്പെട്ടതാകുന്നത് എന്നും ചിത്രം പറയുന്നു. പ്രേക്ഷകർ പ്രതീക്ഷിക്കാത്ത രീതിയിലുള്ള ട്വിസ്റ്റുകളാണ് ചിത്രത്തിന്റെ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത.
ഒരു ഒമ്പതാം ക്ലാസിലെ ക്ലാസ് ലീഡർ തെരഞ്ഞെടുപ്പോടെയാണ് സിനിമ ആരംഭിക്കുന്നത്. മത്സരിക്കുന്നത് രണ്ടു പേർ. സുജീഷും മണികണ്ഠനും. വോട്ട് എണ്ണിയപ്പോൾ മണികണ്ഠന് ലഭിച്ച വോട്ടാണ് പിന്നീട് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് നാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരള പീപ്പിൾസ് ഫെഡറേഷൻ പാർട്ടിക്ക് ഒരു യുവസ്ഥാനാർത്ഥിയെ വേണം. മണികണ്ഠൻ സി പിയും സുജീഷ് ദാമോദരനുമാണ് പാർട്ടിയുടെ പട്ടികയിലുള്ളത്. ഇവരിൽ ആര് മത്സരിക്കണമെന്ന് അവർ രണ്ടുപേരും തന്നെ ചർച്ച ചെയ്ത് തീരുമാനിക്കണം. അവർക്ക് ഒരു തീരുമാനൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ പാർട്ടി തന്നെ സ്ഥാനാർത്ഥിയെ തീരുമാനിക്കും. രണ്ടു പേരും പിൻമാറാൻ തയ്യാറാകുന്നില്ല. ഇതിനെ തുടർന്ന് സുജീഷ് മണികണ്ഠന് മുമ്പിൽ ഒരു നിബന്ധന വെക്കുന്നു. അതും ഒമ്പതാം ക്ലാസിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്. ഒരാഴ്ച സമയം കൊണ്ട് അതിന് ഉത്തരം കണ്ടെത്താൻ മണികണ്ഠൻ നടത്തുന്ന ശ്രമങ്ങളാണ് കഥയെ മുന്നോട്ടു കൊണ്ടു പോകുന്നത്.
സൈമൺ ജോർജ് ആണ് മണികണ്ഠൻ ആയി എത്തുന്നത്. മണികണ്ഠന്റെ സുഹൃത്തായ നിക്കി ആയി എത്തുന്നത് നിഖിൽ നിക്കിയാണ്. സുജീഷ് ആയി ഹരിപ്രസാദ് ഗംഗാധരൻ. സൈമണിന്റെയും ഹരിപ്രസാദിന്റെയും മത്സരിച്ചുള്ള അഭിനയവും കട്ടയ്ക്ക് ഇവർക്കൊപ്പം നിൽക്കുന്ന നിക്കിയുമാണ് സിനിമയുടെ ഹൈലൈറ്റ്. രാഷ്ട്രീയത്തിലെ ധാർമികതയെയും ചില രാഷ്ട്രീയക്കാരുടെ എങ്കിലും കള്ളത്തരങ്ങളെയും പൊളിച്ചു കാണിക്കുന്ന സിനിമ കരുതലിന്റെ പാഠവും സത്യസന്ധതയുടെ സുഖവും പ്രേക്ഷകർക്ക് മുന്നിൽ തുറന്നുവെയ്ക്കുന്നു. കെട്ടിലും മട്ടിലും നിധിൻ അനിരുദ്ധനും കൂട്ടർക്കും അഭിമാനിക്കാവുന്ന ഒരു ചിത്രമാണ് ഇത്. ഗാനരചയിതാവ് കൂടിയായ രവി നായർ (യുഎസ്എ) ആണ് ചിത്രത്തിന്റെ നിർമാണം. ഛായാഗ്രഹണം – അലൻ വി ജോസ്, എഡിറ്റിംഗ് – അക്ഷയ് കുമാർ.