ബോളിവുഡ് നടി മല്ലിക ഷെരാവത് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. ഏറെ ശ്രദ്ധയോടെ അടുത്ത നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന ക്യാപ്ഷനോടെയാണ് ചെസ്സ് കളിക്കുന്ന ചിത്രം നടി പങ്ക് വെച്ചിരിക്കുന്നത്. എന്നാൽ ഫോട്ടോ വൈറലാകാൻ കാരണമായിരിക്കുന്നത് അതിൽ കരുക്കൾ നിരത്തിയിരിക്കുന്ന രീതി കൊണ്ടാണ്. രണ്ടു റാണിമാരെ കൊണ്ടാണ് മല്ലികയുടെ ചെസ്സ് കളി..! കൂടാതെ എല്ലാ കരുക്കളും തന്നെ സ്ഥാനം മാറിയാണ് നിരത്തിയിരിക്കുന്നതും.
എല്ലാവരും ഇത് ശുദ്ധ അസംബന്ധമെന്ന് പറയുമ്പോഴും ഇത് നടി ആലങ്കാരികമായും ആക്ഷേപകരമായും ചെയ്തതാണെന്ന വാദവുമായി ഒരു കൂട്ടർ എത്തിയിട്ടുണ്ട്. ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതോടൊപ്പം തന്നെ ഉച്ചനീചത്വങ്ങൾക്ക് എതിരെയും ലിംഗവിവേചനത്തിനെതിരെയും ഇതിലൂടെ മല്ലിക ഷെരാവത് ശബ്ദമുയർത്തിയിരിക്കുകയാണ് എന്നാണ് അവർ പറയുന്നത്. ഫിലോസഫിയിൽ ബിരുദം നേടിയിട്ടുള്ള മല്ലികയിൽ നിന്നും ഇങ്ങനെയൊന്ന് പ്രതീക്ഷിക്കാമെന്നും അവർ വ്യക്തമാക്കുന്നു.