ആടുജീവിതം എന്ന ചിത്രത്തിന് ഒരുക്കമായി പൃഥ്വിരാജ് തന്റെ ഭാരം കുറച്ചത് ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. അതിന് പിന്നാലെ ചിത്രത്തിന് വേണ്ടി തന്റെ സർവസ്വവും നൽകുന്നുവെന്നും അതിനായി കുറച്ചു നാളത്തേക്ക് രാജ്യം വിടുകയുമാണെന്ന് അറിയിച്ച് പൃഥ്വി പങ്കുവച്ച കുറിപ്പും ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഇപ്പോൾ പൃഥ്വിക്ക് പൂർണ്ണ പിന്തുണയും പ്രാർത്ഥനയും നേരുകയാണ് അമ്മയായ മല്ലികാ സുകുമാരൻ. “എന്റെ കുഞ്ഞിനെ സർവശക്തനായ ദൈവം തമ്പുരാൻ രക്ഷിക്കട്ടെ..മോനൂ അമ്മയുടെ പ്രാർഥനയും അനുഗ്രഹങ്ങളും കൂടെയുണ്ടാവും…കഠിനാധ്വാനം, സമർപ്പണം, പ്രതിബദ്ധത, പാഷൻ…നീ ഈ ഗുണങ്ങൾ കൊണ്ടെല്ലാം അനുഗ്രഹിക്കപ്പെട്ടവനാണ് മോനൂ. ദൈവം നിന്റെ കൂടെയുണ്ട് എന്റെ ദാദൂ..”. പൃഥ്വിയുടെ കുറിപ്പ് പങ്കുവച്ചുകൊണ്ട് മല്ലിക സുകുമാരൻ കുറിച്ചത് ഇങ്ങനെയാണ്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി തീരുവാൻ കെല്പുള്ള ചിത്രമാണ് ആടുജീവിതം. തനിക്കു വേണ്ടി കുറച്ച് സമയം മാറ്റി വയ്ക്കേണ്ടതാണ് അത്യാവശ്യമാണെന്നും തന്റെ അവസാനത്തെ ലുക്ക് സ്ക്രീനിൽ മാത്രം കാണേണ്ട ഒന്നാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. ശരീര ഭാരം കുറച്ച് താടിയും മുടിയും നീട്ടിയുള്ള പൃഥ്വിരാജിന്റെ ലുക്ക് ആരാധകർ ഏറ്റെടുത്തിരുന്നു.