മമ്മൂക്കയെ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ സെൻസറിങ് പൂർത്തിയായി. U/A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം 157 മിനിട്ടാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 12 ന് തീയേറ്ററുകളിലെത്തുന്ന ചിത്രം 55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് സംവിധാനം ചെയ്യുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. മാമാങ്കത്തിൽ പരാജയപ്പെട്ടുപോയ ഒരു നായകന്റെ കഥയും അതു പോലെ തന്നെ അക്കാലത്തെ അധികാര വര്‍ഗ്ഗത്തിന് കീഴില്‍ വരുന്ന സാധാരണക്കാരുടെ ജീവിതവും ആണ് പറഞ്ഞുവയ്ക്കുന്നത്. ചിത്രത്തിന്റെ 80 ശതമാനവും യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ഉണ്ണിമുകുന്ദൻ, മാസ്റ്റർ അച്യുതൻ, അനുസിതാര, പ്രാചി ടെഹ്ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തലസ്ഥാനത്ത് ന്യൂ കോംപ്ളക്സിലെ മൂന്ന് സ്ക്രീനുകളിലും കൈരളി കോംപ്ളക്സിലും ശ്രീപദ്മനാഭ കോംപ്ളക്സിലും കൃപ കോംപ്ളക്സിലും പ്രദര്‍ശനത്തിനെത്തുന്ന മാമാങ്കം മള്‍ട്ടിപ്ളക്സുകളിലെല്ലാം ഒന്നിലേറെ സ്ക്രീനുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ ചിത്രം 400 റോളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഡബ്ബിംഗ് പതിപ്പുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടും ഏറ്റവുമധികം സ്ക്രീനുകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടവും മാമാങ്കം സ്വന്തമാക്കും.