മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തെക്കുറിച്ച് ഏറെ ആവേശകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്ത് വിടും. മമ്മൂട്ടി ആരാധകർ നാളുകളായി കാത്തിരിക്കുന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാള സിനിമ പ്രേമികളും മമ്മൂട്ടി ആരാധകരും.ഇതിന് മുന്നോടിയായി പോസ്റ്ററിന്റെ ചില ഭാഗങ്ങൾ ഗ്രിഡ് രൂപേണ ട്വിറ്ററിൽ മമ്മൂട്ടി പങ്കുവെച്ച് ആവേശം വീണ്ടും വർധിപ്പിച്ചു. ഇതിനിടെ ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്.
നെട്ടൂരിൽ 18 ഏക്കർ നീളുന്ന വമ്പൻ സെറ്റ് യുദ്ധ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചിരുന്നു. 10 ടൺ സ്റ്റീൽ,2000 ക്യൂബിക് മീറ്റർ തടി എന്നിവ പഴയ മാമാങ്കം കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സെറ്റിംഗ് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നായിരിക്കും ഇത്. കണ്ണൂർ,ഒറ്റപ്പാലം, എറണാകുളം, വാഗമൺ എന്നീ ലൊക്കേഷനുകളിലായി നാല് ഷെഡ്യൂളുകൾ ആണ് ഇതുവരെ പൂർത്തിയായത്. ദങ്കൽ, ബജ്റംഗി ഭായ്ജാൻ,കൃഷ് 3 എന്നീ ചിത്രങ്ങളുടെ ആക്ഷൻരംഗങ്ങൾ ഒരുക്കിയ ശ്യാം കൗശലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണിമുകുന്ദൻ,അനുസിത്താര തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടി 4 ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുക. മലയാള പ്രേക്ഷകർക്കും മമ്മൂട്ടി ആരാധകർക്കും ആഘോഷിക്കാൻ പാകത്തിനുള്ള ഒരു ചിത്രം തന്നെയായിരിക്കും മാമാങ്കം എന്നത് ഉറപ്പ്.