മാമാങ്കത്തിന് പിന്നിലെ വിവാദകുരുക്കുകൾ അഴിയുന്നില്ല. ഇപ്പോൾ 18 കോടി രൂപ തനിക്ക് നഷ്ടപരിഹാരമായി തരണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ സജീവ് പിള്ളയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് നിർമാതാവ് വേണു. സംവിധായകന് സജീവ് പിളളയുടെ പരിചയക്കുറവും നിസ്സഹകരണവും തനിക്ക് 13 കോടി രൂപയുടെ നഷ്ടമുണ്ടായതായതാണ് വേണു പറയുന്നത്. ഇത് 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് വക്കീല്‍ നോട്ടീസില്‍ പറയുന്നത്. അതിനു പുറമേ താന്‍ അനുഭവിച്ച മാനസികവ്യഥയ്ക്ക് അഞ്ചു കോടി രൂപ 15 ദിവസത്തിനകം നല്‍കണമെന്നും തിരക്കഥയ്ക്കും സംവിധാനത്തിനുമായി കൈപ്പറ്റിയിരിക്കുന്ന 21,75000 രൂപ 24 ശതമാനം പലിശയോടു കൂടി 30 ദിവസത്തിനകം തിരികെ നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.വക്കീല്‍ നോട്ടീസ് ലഭിച്ച കാര്യം സംവിധായകന് സജീവ് പിളള സ്ഥിരീകരിച്ചിട്ടുണ്ട്. യോദ്ധാവിന്റെ വേഷം ചെയ്യാന്‍ ഒരു വര്‍ഷം കഠിനാധ്വാനം നടത്തിയ യുവതാരം ധ്രുവിനെ പുറത്താക്കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. തെന്നിന്ത്യന്‍ ഛായാഗ്രാഹകന്‍ ഗണേഷ് രാജവേലു, ആര്‍ട് ഡയറക്ടര്‍ സുനില്‍ ബാബു, കോസ്റ്റിയൂം ഡിസൈനര്‍ അനു വര്ദ്ധന് എന്നിവരും ചിത്രത്തില്‍ നിന്നും പുറത്തായി. പുറത്താക്കല്‍ തീരുമാനങ്ങള്‍ സജീവ് പിള്ള അറിഞ്ഞിരുന്നില്ല. അവസാനം സംവിധായകനായ സജീവ് പിള്ളയെ വരെ മാറ്റുകയായിരുന്നു.