കൊച്ചു കൊച്ചു തമാശകളും കുസൃതികളും നിറഞ്ഞ അപ്പന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ പാപ്പീ അപ്പച്ചായിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന മമാസ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. സംവിധായകൻ തന്നെയാണ് പുതിയ ചിത്രം തുടങ്ങിയ സന്തോഷം തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തിന്റെ മ്യൂസിക് റെക്കോർഡിങ്ങാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ആനന്ദ് മധുസൂദനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. രഞ്ജിനി ജോസ്, നിതിൻ, രേണുക എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. പാപ്പീ അപ്പച്ചാക്ക് ശേഷം പുതുമുഖങ്ങളെ അണിനിരത്തി സിനിമ കമ്പനി, സൂപ്പർഹിറ്റ് ചിത്രം രാംജി റാവു സ്പീക്കിങ്ങിന്റെ മൂന്നാം ഭാഗം മാന്നാർ മത്തായി സ്പീക്കിങ്ങ് 2 എന്നീ ചിത്രങ്ങളുടെയും സംവിധാനം നിർവഹിച്ചിരുന്നു.