മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ്ബിയുടെ രണ്ടാംഭാഗമായ ബിലാൽ.ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ എന്താണ് എന്നറിയാൻ ഓരോ ദിവസവും ആരാധകർ കാതോർത്ത് ഇരിക്കാറുണ്ട്.മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗാനഗന്ധർവ്വൻ. ചിത്രം ഈ വെള്ളിയാഴ്ച റിലീസിനെത്തും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടിയും സംവിധായകൻ രമേശ് പിഷാരടിയും ഇന്ന് ഫേസ്ബുക്കിൽ ലൈവിൽ വരികയുണ്ടായി. ലൈവിനിടെ ആരാധകർ നിരന്തരമായി ബിലാൽ അപ്ഡേറ്റ് എന്തായി എന്ന് ചോദിച്ചുകൊണ്ടേ ഇരുന്നു. നിരവധി തവണ ചോദ്യം ആവർത്തിച്ചപ്പോൾ പിഷാരടി തന്നെ മുൻകൈ എടുത്ത് മമ്മൂക്കയോട് ബിലാൽ എന്തായി എന്ന് ചോദിച്ചു.ചോദ്യത്തിന് മറുപടിയായി ബിലാൽ ഉടൻ വരും എന്ന് മറുപടി നൽകിയിരിക്കുകയാണ് മമ്മൂട്ടി.തയ്യാറെടുപ്പുകൾ നടക്കുകയാണ് എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെ ഈ വാക്കുകളെ ആവേശപൂർവ്വം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
2007 ൽ പുറത്തിറങ്ങിയ അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ഒറ്റ ചിത്രമാണ് ബിലാലിന് വേണ്ടി ഇത്രയുമധികം കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ ഹൈപ്പ് ചിത്രമാണ് ബിലാൽ. ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.