അഭിനയത്തോടുള്ള തന്റെ പാഷൻ കെടാതെ കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുന്ന നടനാണ് മമ്മൂട്ടി. അതുകൊണ്ടു തന്നെയാണ് എഴുപതാം വയസിലും പുതിയ പുതിയ കഥാപാത്രങ്ങൾ മമ്മൂട്ടി എന്ന നടനെ തേടിയെത്തുന്നതും. അഭിനയം കഴിഞ്ഞാൽ കൂളിംഗ് ഗ്ലാസുകളും ഗാഡ്ജറ്റുകളുമാണ് മമ്മൂട്ടിയുടെ ഇഷ്ടങ്ങൾ. കൂളിംഗ് ഗ്ലാസുകളോടുള്ള മമ്മൂട്ടിയുടെ ഭ്രമം പണ്ടു തന്നെ പ്രശസ്തമാണ്. എന്നാൽ, പുതിയത് വാങ്ങുമ്പോൾ പഴയത് വലിച്ചെറിയുന്ന ആളല്ല താനെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി. തന്റെ പുതിയ സിനിമയായ റോഷാക്കിന്റെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
![]()
മോഹൻലാലിന്റെ കല്യാണ ദിവസം വെച്ച അതേ കണ്ണടയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബാറോസിന്റെ പൂജ ദിവസവും വെച്ചതെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി. 1988ൽ ആയിരുന്നു മോഹൻലാലിന്റെ വിവാഹം. ഏകദേശം 30 വർഷങ്ങൾക്ക് ഇപ്പുറം മോഹൻലാൽ ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതിന്റെ പൂജ ചടങ്ങിൽ പങ്കെടുക്കാൻ മമ്മൂട്ടി എത്തിയതും അതേ കണ്ണട ധരിച്ച്.
പ്രിയപ്പെട്ട കാര്യങ്ങൾ സൂക്ഷിച്ചുവെയ്ക്കുന്ന മമ്മൂട്ടിയുടെ സ്വഭാവത്തിന്റെ സവിശേഷതയാണ് ഈ സംഭവം വ്യക്തമാക്കുന്നത്. മോഹൻലാലിന്റെ കല്യാണത്തിന് വെള്ള ജൂബ്ബയും മുണ്ടും കൂളിംഗ് ഗ്ലാസും ധരിച്ചായിരുന്നു മമ്മൂട്ടി എത്തിയത്. മോഹൻലാലിന്റെ കല്യാണത്തിന് മമ്മൂട്ടി എത്തുന്ന വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.