മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ്സിൽ യേശുദാസിന് പുരസ്കാരം സമ്മാനിക്കാൻഭാഗ്യം ലഭിച്ച് മമ്മൂട്ടിയും മോഹൻലാലും. എക്കാലവും മലയാളി നെഞ്ചിലേറ്റിയ സ്വരത്തിന്റെ ഉടമയ്ക്ക് ഓൾ ടൈം എന്റർടൈനർ പുരസ്കാരമാണ് ലഭിച്ചത്. പുരസ്കാരം സമ്മാനിച്ചു കൊണ്ട് മോഹൻലാലും മമ്മൂട്ടിയും ഇതാണ് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമെന്ന് പറഞ്ഞു. ദാസേട്ടന് അടുത്ത വർഷം 80 വയസ്സ് പൂർത്തിയാകും. ഇത്രയും നാൾ നില നിന്നു പോയത് ദൈവത്തിന്റെയും മാതാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹം കൊണ്ടാണെന്ന് ദാസേട്ടൻ വ്യക്തമാക്കി. തനിക്ക് പുരസ്കാരം നൽകിയ രണ്ടു മഹാനടൻമാർക്കുള്ള സമർപ്പണം എന്ന നിലയിൽ ‘പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ’ എന്ന ഗാനത്തിന്റെ പല്ലവി ദാസേട്ടൻ ആലപിച്ചു.
“സാധാരണ ദാസേട്ടനിൽ നിന്ന് അവാർഡ് സ്വീകരിക്കുകയാണ് പതിവ്. അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കാനുള്ള ഈ അവസരം വലിയ ആദരമാണ്. ഒരിക്കലും അദ്ദേഹത്തിനു പകരംവയ്ക്കാൻ മറ്റൊരാളുണ്ടാവില്ല. അദ്ദേഹത്തിന്റെ അനേകം പാട്ടുകൾ പാടി അഭിനയിക്കാനായതാണ് എനിക്കു കിട്ടിയ ഭാഗ്യം’- മോഹൻലാൽ പറഞ്ഞു. ‘ദാസേട്ടന്റെ വലിയ ആരാധകനാണ് ഞാൻ.അദ്ദേഹത്തിന്റെ പാട്ടുപാടി അഭിനയിക്കുക എന്നതൊക്കെ സ്വപ്നത്തിനും അപ്പുറമുള്ള കാര്യമായിരുന്നു.അഭിനയിച്ച രണ്ടാമത്തെ സിനിമയിൽ തന്നെ ആ അവസരം ലഭിച്ചു എന്നതാണ് എന്റെ ഭാഗ്യം. അതറിഞ്ഞ അന്നത്തെ ദിവസം ഉറങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ പാട്ടിനൊത്ത് എന്റെ മുഖത്ത് ഭാവമൊക്കെ ശരിയാവുമോ എന്ന ചിന്തയായിരുന്നു.താടിയും മുടിയും നരച്ചെന്നല്ലാതെ ആ ശബ്ദത്തിന് ഈ പ്രായത്തിലും ഒരു ചെറിയ കറപോലും ഏറ്റിട്ടില്ല’-മമ്മൂട്ടിയുടെ വാക്കുകൾ.