ഇന്ദ്രജിത്ത് സുകുമാരന്റെ ജന്മദിനമായ ഡിസംബർ 17ന് താരത്തിന് മികച്ചൊരു പിറന്നാൾ സമ്മാനമൊരുക്കി മമ്മൂക്കയും ലാലേട്ടനും. വടംവലിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം ആഹായിലെ ഗാനം ഡിസംബർ 17 വ്യാഴാഴ്ച രാവിലെ 10 മണിക്ക് മലയാളികളുടെ സ്വന്തം സൂപ്പർസ്റ്റാറുകളായ മമ്മൂക്കയും ലാലേട്ടനും ചേർന്ന് പുറത്തിറക്കുന്നു. കേരളത്തിൽ സ്ഥിരമായി വടംവലി ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടികൊണ്ടിരുന്ന ആഹാ നീലൂർ എന്ന വടംവലി ടീമിനെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. നവാഗതനായ ബിബിൻ പോൾ സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായഗ്രാഹകൻ രാഹുൽ ബാലചന്ദ്രനാണ്. ഇന്ദ്രജിത്തിന് പുറമെ ശാന്തി ബാലചന്ദ്രന്, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ്.കെ.ജയൻ, സിദ്ധാർഥ ശിവ തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സയനോര ഫിലിപ്പ്, ജുബിത് നമ്പറാടത്, ടിറ്റോ. പി.തങ്കച്ചൻ എന്നിവരാണ് ഗാനരചന.