മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഭരിക്കുന്ന മലയാള സിനിമാലോകം അവരിരുവരേക്കാൾ മുൻപ് ഭരിച്ചിരുന്നത് നിത്യഹരിതനായകൻ പദ്മഭൂഷൺ പ്രേംനസീറാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യറാക്കിയ ‘നിത്യഹരിതം’ എന്ന പുസ്തകം മാർച്ച് 24ന് വൈകിട്ട് കൊച്ചി ടിഡിഎം ഹാളിൽ വെച്ച് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പ്രകാശനം ചെയ്യും. ഇരുനൂറ് പേജിന്റെ ഒരു പുസ്തകം എന്ന നിലയിൽ തയ്യാറാക്കി തുടങ്ങിയ പുസ്തകം പ്രേംനസീറിന്റെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബം, മറ്റു വ്യക്തികൾ എന്നിവരിൽ നിന്നെല്ലാം ശേഖരിച്ച വിവിയരങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ഒരു എൻസൈക്ലോപീഡിയ പോലെ ആയിരത്തിലധികം പേജുകളുണ്ട്. പ്രേംനസീർ ഫൗണ്ടേഷൻ കഴിഞ്ഞ ഒന്നരവർഷക്കാലമായി ഈ പുസ്തകത്തിന്റെ പിന്നാലെയായിരുന്നുവെന്ന് ഫൗണ്ടേഷന്റെ അമരക്കാരനായ ജി സുരേഷ് കുമാർ പറഞ്ഞു.