മമ്മൂക്കയും യുവതാരം ടോവിനോ തോമസും ആദ്യമായി ഒന്നിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. നവാഗതയായ രഥീന ഷെർഷാദാണ് ചിത്രം സംവിധാനം നിർവഹിക്കുന്നത്. ഉണ്ടയുടെ തിരക്കഥയൊരുക്കിയ ഹർഷാദ്, വൈറസിന്റെ തിരക്കഥ ഒരുക്കിയ സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂക്കയേയും ടോവിനോയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ബേസിൽ ജോസഫ് ഒരു സിനിമ പ്രഖ്യാപിച്ചിരുന്നെങ്കിലും എന്തോ ചില കാരണങ്ങളാൽ അത് നടന്നില്ല. ഉയരേയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന രഥീന തന്റെ ആദ്യ സംവിധാന സംരംഭത്തിന് മികച്ച അണിയറക്കാരെയാണ് തയ്യാറാക്കിയിരിക്കുന്നത്. ക്യാമറാമാൻ ഗിരീഷ് ഗംഗാധരൻ, സംഗീത സംവിധായകൻ ജേക്സ് ബിജോയ്, എഡിറ്റർ ദീപു ജോസഫ്, കലാസംവിധായകൻ മനു ജഗത്, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ് എന്നിവർ ഈ ചിത്രത്തിനായി ഒന്നിക്കുന്നു. ജോർജ് സെബാസ്റ്റ്യൻ, ശ്യാം മോഹൻ, അർജുൻ രവീന്ദ്രൻ എന്നിവർ ചേർന്നാണ് നിർമാണം.