മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ബ്രോ ഡാഡി. സിനിമ ഇറങ്ങുന്നതിനു മുമ്പ് പോസ്റ്ററുകളിൽ നിറഞ്ഞുനിന്നത് മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും കഥാപാത്രങ്ങൾ ആയിരുന്നെങ്കിൽ സിനിമ ഇറങ്ങിയതിനു ശേഷം ചർച്ചയായത് ലാലു അലക്സിന്റെ കഥാപാത്രം ആയിരുന്നു. ലാലു അലക്സിന്റെ കുര്യൻ മാളിയേക്കൽ ആയിരുന്നു പ്രേക്ഷകമനസുകളെ കീഴടക്കിയ ആ കഥാപാത്രം.
ഏതായാലും സിനിമ കണ്ടിറങ്ങിയവർക്ക് ബ്രോയെക്കുറിച്ചും ഡാഡിയെക്കുറിച്ചും പറയാനുള്ളതിനേക്കാൾ നായികയുടെ അപ്പനായ കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രത്തെക്കുറിച്ചാണ് പറയാനുള്ളത്. സിനിമയിൽ തകർപ്പൻ പെർഫോമൻസ് ആയിരുന്നു ലാലു അലക്സിന്റേത്. ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് കേട്ടതിനു ശേഷം മമ്മൂട്ടി ആദ്യം ഒരു മെസേജ് അയച്ചെന്ന് ലാലു അലക്സ് പറഞ്ഞു. പിന്നീട് പടം കണ്ടതിനു ശേഷം
മമ്മൂട്ടി ‘തകർത്തു’ എന്ന് പറഞ്ഞെന്നും ലാലു അലക്സ് വെളിപ്പെടുത്തി.
ബ്രോ ഡാഡിയിലെ ഒരു സീൻ അഭിനയിച്ചു കഴിഞ്ഞപ്പോൾ മോഹൻലാലും തന്നെ അഭിനന്ദിച്ചെന്ന് ലാലു അലക്സ് വ്യക്തമാക്കി. ‘ഗംഭീരമല്ല, അതിഗംഭീരമാണ് പെർഫോമൻസ്’ എന്നാണ് മോഹൻലാൽ പറഞ്ഞതെന്ന് ലാലു അലക്സ് വെളിപ്പെടുത്തി. ഓൺലൈൻ മാധ്യമമായ ദ ക്യുവിന്റെ എഡിറ്റർ മനീഷ് നാരായണന് നൽകിയ അഭിമുഖത്തിൽ ആണ് ലാലു അലക്സ് ഇങ്ങനെ പറഞ്ഞത്. ജനുവരി 26ന് ആയിരുന്നു ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്തത്. ഏറ്റവും കൂടുതൽ സബ്സ്ക്രിപ്ഷൻ റിലീസിന്റെ ആദ്യദിനം തന്നെ ഹോട്ട് സ്റ്റാറിന് നേടിക്കൊടുത്ത ഇന്ത്യൻ ചിത്രവും ഏറ്റവും കൂടുതൽ ആളുകൾ ആദ്യദിനം ഹോട്ട് സ്റ്റാറിൽ കണ്ട രണ്ടാമത്തെ ഇന്ത്യൻ ചിത്രവും ബ്രോ ഡാഡി ആണ്.