മലയാളസിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസം ഇപ്പോൾ ഏതാണെന്ന് ചോദിച്ചാൽ ഒന്നേയുള്ളൂ….ഡിസംബർ 14. അന്നാണ് മോഹൻലാൽ നായകനായ മലയാളത്തിലെ ഇന്ന് വരെയുള്ള ഏറ്റവും വലിയ ചിത്രം ഒടിയൻ തീയറ്ററുകളിൽ എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വി ഏ ശ്രീകുമാർ മേനോനാണ്.
മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ എന്നിങ്ങനെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് ഇപ്പോൾ കൂടുതൽ മാസ്സ് പരിവേഷം കൂടി വന്നിരിക്കുകയാണ്. ചിത്രത്തിനായി നരേഷൻ നൽകിയിരിക്കുന്നത് സാക്ഷാൽ മമ്മൂക്കയാണ്. സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പുറത്തുവിട്ടത്. ടീസറും ട്രെയിലറും ഗാനവും തീർത്ത പ്രതീക്ഷകൾക്ക് കൂടുതൽ വർണങ്ങൾ പകർന്നിരിക്കുകയാണ് മമ്മൂക്കയുടെ ശബ്ദവും. കാത്തിരിക്കാം ഒരു ദൃശ്യ വിസ്മയത്തിനായി