മികച്ച പ്രതികരണം നേടിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്കു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സംവിധായകൻ ജോഷി. ഈ മാസ്റ്റർ ഡയറക്ടർ അടുത്തതായി ഒരുക്കാൻ പോകുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഒരു ചിത്രം ആണെന്നാണ് സൂചന. ഒട്ടേറെ ഹിറ്റുകൾ മലയാളിക്ക് സമ്മാനിച്ച ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് സജീവ് പാഴൂർ ആണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഉണ്ടായില്ലെങ്കിലും ചിത്രം നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ഫഹദ് ഫാസിൽ ദിലീഷ് പോത്തൻ ചിത്രത്തിന്റെ രചന നടത്തി ഏറെ പ്രശംസ പിടിച്ചുപറ്റിയ എഴുത്തുകാരനാണ് സജീവ് പാഴൂർ. പിന്നീട് ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ഈ ചിത്രത്തിനും തിരക്കഥ രചിച്ചത് അദ്ദേഹം തന്നെയാണ്. മമ്മൂട്ടി- ജോഷി ചിത്രം ഒരുക്കാൻ ഓഗസ്റ്റ് സിനിമാസ് പ്ലാൻ ചെയ്യുന്നത് ആയും സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ന്യൂ ഡൽഹി, സംഘം, ധ്രുവം, നായർ സാബ് എന്നീ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച മമ്മൂട്ടി- ജോഷി കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത് താര സംഘടനയായ ‘അമ്മ നിർമ്മിച്ച ട്വന്റി ട്വന്റി എന്ന മൾട്ടി-സ്റ്റാർ ചിത്രത്തിലായിരുന്നു. അതിലും മികച്ച ഒരു ആവേശം പകരാൻ ഉള്ള പുറപ്പാടാണ് ഇനി വരുവാൻ പോകുന്ന ചിത്രം എന്നാണ് ആരാധകരുടെ വിശ്വാസം.