കോവിഡ് പ്രതിസന്ധി മൂലം അടച്ചുപ്പൂട്ടപ്പെട്ട തീയറ്ററുകൾക്ക് പ്രദർശനാനുമതി ലഭിച്ചിരുന്നുവെങ്കിലും സെക്കൻഡ് ഷോ അനുവദിക്കാതിരുന്നതിനാൽ മികച്ച പ്രതികരണം ലഭിച്ചിരുന്ന ചിത്രങ്ങൾക്ക് പോലും ബോക്സ്ഓഫീസിൽ ഒരു ചലനവും ഉണ്ടാക്കുവാൻ സാധിച്ചിരുന്നില്ല. സെക്കൻഡ് ഷോ അനുവദിക്കണമെന്ന ആവശ്യം സർക്കാർ അനുവദിച്ചതിന് പിന്നാലെ തീയറ്ററുകളിൽ എത്തിയ മമ്മൂക്കയുടെ ബിഗ് ബഡ്ജറ്റ് ചിത്രം ദി പ്രീസ്റ്റ് മികച്ച അഭിപ്രായങ്ങളും ഹൗസ്ഫുൾ ഷോകളുമായി മലയാള സിനിമക്ക് ഒരു പുത്തനുണർവ് നൽകിയിരിക്കുകയാണ്. ദി പ്രീസ്റ്റിലൂടെ മമ്മൂക്ക മലയാള സിനിമയുടെ രക്ഷകനായി തീർന്നിരിക്കുകയാണ് എന്നാണ് നടൻ അജു വർഗീസ് ചിത്രത്തിന്റെ വിജയത്തെ പ്രകീർത്തിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ ഒരു പ്രതിസന്ധിയെ സധൈര്യം പോരാടി വിജയം കുറിച്ച ചിത്രം മറ്റുള്ള സിനിമകൾക്കും ഒരു പ്രചോദനമാണെന്നും താരം കൂട്ടിച്ചേർത്തു.
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച ദി പ്രീസ്റ്റിലൂടെ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും വി എൻ ബാബുവും ചേര്‍ന്നാണ്. ദീപു പ്രദീപ് ,ശ്യാം മോഹൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഒരു പുരോഹിതന്റെ വേഷമാണ് പാരാസൈക്കോളജിക്കൽ ഗണത്തിൽപ്പെട്ട ഈ ചിത്രത്തിൽ മമ്മൂക്ക കൈകാര്യം ചെയ്യുന്നത്. അഖിൽ ജോർജാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും രാഹുൽ രാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു. നിഖില വിമൽ, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.