തന്റെ സിനിമകളിലെല്ലാം തന്റേതായ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞദിവസം ലിജോ ജോസ് സോഷ്യൽ മീഡിയയിലൂടെ ഒരു കത്ത് പുറത്തുവിട്ടു. മമ്മൂട്ടി കമ്പനി തനിക്ക് അയച്ച കത്താണ് ലിജോ ജോസ് ആരാധകരുമായി പങ്കുവെച്ചത്.
‘നൻപകൽ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി. താങ്കൾ ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ ഇതുപോലെ ആകില്ലായിരുന്നു. നിങ്ങളുടെ കഴിവിനും പരിശ്രമത്തിനും ഞങ്ങൾ നൽകുന്ന ആദരമാണ് ഈ സമ്മാനങ്ങൾ. ‘ -കത്തിൽ മമ്മൂട്ടി കമ്പനി കുറിച്ചു. ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
പകൽ സൈക്കിൾ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലൻ എന്ന നകുലനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റ സഹസംവിധായകനായ ടിനു പാപ്പച്ചൻ പറഞ്ഞത് ‘നൻപകൽ നേരത്ത് മയക്കം എന്നാൽ ഒരാളുടെ ഉച്ചനേരത്തെ മയക്കം എന്നാണ്. ചിത്രത്തിന്റെ കഥ ലിജോ തന്നെയാണ്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എസ് ഹരീഷ് ആണ്. രമ്യ പാണ്ഡ്യൻ, അശോകൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.