മമ്മൂട്ടിയും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളായി 2016ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചിത്രമാണ് പുതിയ നിയമം. ഏ കെ സാജൻ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ നിർമാണം വി ജി ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറിൽ ജിയോ അബ്രഹാമും പി വേണുഗോപാലുമാണ്. അഡ്വക്കേറ്റ് ലൂയിസ് പോത്തന്റെയും ഭാര്യ വാസുകിയുടെയും ജീവിതത്തിൽ നടക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ ചുവട് വെച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ബേബി അനന്യ, ഷീലു എബ്രഹാം, എസ് എൻ സ്വാമി, രചന നാരായണൻകുട്ടി, അജു വർഗീസ് തുടങ്ങിയവരും ചിത്രത്തിൽ അഭിയനയിച്ചിട്ടുണ്ട്.
നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രം ബോളിവുഡിലേക്ക് റീമേക്കിന് ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നടനും നിർമാതാവുമായ അരുൺ നാരായനാണ് ഈ വാർത്ത പുറത്ത് വിട്ടത്. റിലൈൻസും നീരജ് പാണ്ഡേയും ഒന്നിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത താരദമ്പതികൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. അജയ് ദേവ്ഗണ്-കാജോല്‍, സെയ്ഫ് അലിഖാന്-കരീനാ കപൂര്‍, ദീപികാ പദുക്കോണ്‍-രണ്‍വീര്‍ സിംഗ് എന്നീ പേരുകള്‍ ഹിന്ദി റീമേക്ക് വാര്‍ത്തകള്‍ക്കൊപ്പം ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നറിയുന്നു.