ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമസഹായം നൽകാൻ സന്നദ്ധത അറിയിച്ച് മമ്മൂട്ടി. മധുവിന്റെ സഹോദരി സരസു ആണ് ഇക്കാര്യം അറിയിച്ചത്. മധുവിന്റെ കുടുംബത്തിന് നിയമസഹായം നൽകുന്നതിന് നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്ന് മമ്മൂട്ടിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതായി സരസു വ്യക്തമാക്കി.
മധുവിന്റെ കുടുംബത്തിന് നിയമസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മമ്മൂട്ടിയുടെ ഓഫീസിൽ നിന്നുള്ളവർ അടുത്ത ദിവസം തന്നെ മധുവിന്റെ വീട്ടിലെത്തും.
കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും മറ്റ് കാര്യങ്ങൾ ആദിവാസി സംഘടനകളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മധുവിന്റെ സഹോദരി വ്യക്തമാക്കി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് മധുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.