കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം കാണിക്കുന്ന മികവ് ഏവരുടെയും പ്രശംസ ഏറ്റുവാങ്ങിയ ഒന്നാണ്. ഈ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിക്കുന്ന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചറെ തേടിയും ഈ അഭിനന്ദനങ്ങൾ ദിനം പ്രതി എത്തുന്നുണ്ട്. ഇപ്പോൾ കൈരളി ടിവിയുടെ ജെ ബി ജംക്ഷനിൽ മമ്മൂട്ടി ഷൈലജ ടീച്ചറിനോട് ചോദിച്ച ഒരു ചോദ്യം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. “ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ എപ്പോളെങ്കിലും മടുപ്പ് തോന്നിയിട്ടുണ്ടോ” എന്നായിരുന്നു മമ്മൂക്കയുടെ ചോദ്യം. എന്നാൽ എല്ലാവരും തനിക്ക് ഊർജവും ആത്മവിശ്വാസവും തരുമ്പോൾ എങ്ങനെ മടുക്കാൻ ആണെന്ന് മന്ത്രി മറുപടിയും പറഞ്ഞു.
നേരത്തെ ഇതേ പ്രോഗ്രാമിൽ തന്നെ മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ എനിക്ക് റോൾ മോഡൽ ആണെന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞിരുന്നു. മഞ്ജുവിനെ പോലെ പ്രതിസന്ധികളെ നേരിട്ട് ജീവിതത്തിൽ മുന്നോട്ട് വരികയാണ് എല്ലാവരും ചെയ്യേണ്ടത് എന്ന് ശൈലജ ടീച്ചർ പറഞ്ഞു. നന്നായി പുസ്തകം വായിക്കും, സാമൂഹ്യ കാര്യങ്ങളിൽ മികച്ച രീതിയിൽ ഇടപെടും തുടങ്ങി ഒട്ടനേകം കാര്യങ്ങളിൽ മഞ്ജു വാര്യർ മികവ് പുലർത്തുന്നുണ്ട് എന്ന് ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു.
പ്രോഗ്രാമിൽ ശൈലജ ടീച്ചറിനോട് മഞ്ജു വാര്യർ ചോദിച്ച ചോദ്യവും ഏറെ രസകരമായിരുന്നു. കേരളത്തിലെ ആളുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ശ്രമിക്കുന്ന ശൈലജ ടീച്ചർ സ്വന്തം ആരോഗ്യം നോക്കാറുണ്ടോ എന്നായിരുന്നു മഞ്ജു വാര്യരുടെ ചോദ്യം. എന്നും കോവിഡിനെ കുറിച്ചുള്ള നിരവധി പ്രതിസന്ധികൾ നാം കാണുന്നു. ഇതെല്ലാം പരിഹരിച്ച ശേഷം ഉറങ്ങാൻ സമയം കിട്ടാറുണ്ടോ എന്നും മഞ്ജു ചോദിക്കുന്നു. ഇതിന് മറുപടിയായി ഞാൻ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രവർത്തകരും പോലീസുകാരും കുറച്ച് നാളുകളായി ഉറങ്ങാറില്ലെന്നും അവരുടെ ഈ കൂട്ടായ പ്രയത്നം ഒന്നുകൊണ്ട് മാത്രമാണ് കോവിഡിനെ ഒരു പരിധി വരെ എങ്കിലും നിയന്ത്രിക്കാൻ സാധിക്കുന്നത് എന്നും ശൈലജ ടീച്ചർ പറഞ്ഞു. ശൈലജ ടീച്ചറിനെ അഭിനന്ദിക്കാനും മഞ്ജു വാര്യർ മറന്നില്ല.