മലയാളി സിനിമാ പ്രേമികൾ ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രം. ക്യാപ്റ്റൻ രാജു ആയിരുന്നു സിനിമയിൽ പവനായി ആയി എത്തിയത്. എല്ലാക്കാലത്തും മലയാള സിനിമാപ്രേമികൾ ആവേശത്തോടെ ഓർമിക്കുന്ന കഥാപാത്രമാണ് പവനായി. എന്നാൽ ഈ പവനായി ആകേണ്ടിയിരുന്നത് താനായിരുന്നുവെന്ന് പറയുകയാണ് മമ്മൂട്ടി. ക്രിസ്റ്റഫർ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തവേയാണ് മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
മോഹൻലാൽ, ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു 1987 ൽ റിലീസ് ചെയ്ത് ചിത്രമാണ് നാടോടിക്കാറ്റ്. സൂപ്പർ മെഗാഹിറ്റായി മാറിയ ഈ ക്ലാസിക് കോമഡി ചിത്രം രചിച്ചത് ശ്രീനിവാസനും സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. ഇതിലെ മോഹൻലാൽ- ശ്രീനിവാസൻ ടീമിന്റെ ദാസൻ- വിജയൻ കോമ്പിനേഷൻ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയരായ ഓൺസ്ക്രീൻ സൗഹൃദ ടീമാണ്.
കൂടാതെ ഈ ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച അനന്തൻ നമ്പ്യാർ, മാമുക്കോയ അവതരിപ്പിച്ച ഗഫൂർ, ജനാർദ്ദനൻ അവതരിപ്പിച്ച കോവൈ വെങ്കിടേശൻ എന്നീ കഥാപാത്രങ്ങളും സൂപ്പർ ഹിറ്റായി. അതുപോലെ തന്നെ വൻ ജനപ്രീതി നേടിയ ഇതിലെ ഒരു കഥാപാത്രമായിരുന്നു ക്യാപ്റ്റൻ രാജു അവതരിപ്പിച്ച പ്രൊഫഷണൽ കില്ലർ പവനായി എന്ന പി വി നാരായണൻ. ഏറെ രസകരമായ ഈ കഥാപാത്രം ഇന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.