ശ്രീധരന്റെ ഒന്നാം മുറിവ്, അർത്ഥം , കളിക്കളം, ഗോളാന്തര വാർത്ത, നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത് തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മമ്മൂട്ടി – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. 1997ൽ പുറത്തിറങ്ങിയ ഒരാൾ മാത്രമാണ് ഈ കൂട്ടുകെട്ടിൽ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം. എസ് എന്‍ സ്വാമി തിരക്കഥയൊരുക്കിയ ചിത്രം 1997 നവംബറിലാണ് പുറത്തിറങ്ങിയത്. മമ്മൂട്ടി, ശ്രുതി, തിലകന്, ശ്രീനിവാസന്, കാവ്യ മാധവന് പ്രവീണ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇത്രയും വർഷങ്ങൾക്ക് ശേഷം ഇവർ വീണ്ടുമൊന്നിക്കുന്ന എന്ന സന്തോഷം സത്യൻ അന്തിക്കാട് തന്നെയാണ് പങ്ക് വെച്ചത്.
“മമ്മൂട്ടി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ തമ്മിലുള്ള സിനിമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. പല കഥാപാത്രങ്ങളും മമ്മൂട്ടിക്ക് യോജിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കളിക്കളവും അര്‍ഥവും ഗംഭീര വിജയമായിരുന്നു. മമ്മൂട്ടിയും കൂടി നിര്‍മ്മാണ പങ്കാളിയായ ചിത്രമാണ് നാടോടിക്കാറ്റ്. മമ്മൂട്ടിയെ വച്ച് ചെയ്യാന്‍ കഴിയുന്ന ഒരു സബ്ജക്ട് മനസിലുണ്ട്. ചിലപ്പോള്‍ അത് ഇക്കൊല്ലം രൂപപ്പെട്ട് വരാന്‍ സാദ്ധ്യതയുണ്ട്.”
ഫഹദ് ഫാസിലിനെ നായകനാക്കി ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുക്കിയ ഞാന്‍ പ്രകാശനാണ് അവസാനമായി തീയറ്ററുകളിൽ എത്തിയ സത്യന് അന്തിക്കാട് ചിത്രം. തിയേറ്ററുകളില്‍ വമ്പന്‍ വിജയമാണ് ചിത്രം നേടിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം സത്യന് അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്നപ്പോള്‍ പിറന്നത് ഒരു മികച്ച ചിത്രം കൂടിയാണ് എന്നതാണ് ശ്രദ്ധേയം.