ചിരിച്ചും ചിരിപ്പിച്ചും മാത്രം മലയാളിക്ക് മുന്നിലെത്തിയ താരമായിരുന്നു മോളി കണ്ണമാലി. എന്നാൽ ഇപ്പോൾ നടിയുടെ മുഖത്ത് ചിരിയില്ല. കാരണം താരമിപ്പോൾ രോഗക്കിടക്കയിൽ ആണ്. താരത്തിന്റെ ഈ അവസ്ഥയിൽ സഹായവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഈ സഹായത്തെ പറ്റി മോളിയുടെ മൂത്തമകൻ സോളി പ്രമുഖ വാർത്താ മാധ്യമമായ മനോരമ ന്യൂസ് ഡോട്ട്കോമിനോട് ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ്.
‘അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിൽസയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സാർ എത്തുന്നത്. അദ്ദേഹത്തിന്റെ പി.എ വീട്ടിൽ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഒാപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടൻ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ചികിൽസിക്കുന്ന ആശുപത്രിയിൽ നിന്നും റിപ്പോർട്ടുകൾ കിട്ടിയാൽ ഉടൻ അമ്മച്ചിയെ അങ്ങോട്ടുമാറ്റും. ചികിൽസയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
പലരും വിളിച്ച് അന്വേഷിച്ചതല്ലാതെ ഒരു സഹായവും കിട്ടിയിരുന്നില്ല. അമ്മയുടെ ചികിൽസയാണ് ഞങ്ങൾക്ക് മുഖ്യം. ഉടൻ ഓപ്പറേഷനായി അമ്മച്ചിയെ കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ് ഞങ്ങൾ.’ മോളിയുടെ മകൻ പറഞ്ഞു. നടൻ ബിനീഷ് ബാസ്റ്റിൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലും മോളിയുടെ രോഗത്തെ കുറിച്ച് സംസാരിച്ചിരുന്നു. ശരീരത്ത് ഇപ്പോഴും സ്വർണമൊക്കെ ഉണ്ടല്ലോ എന്ന് പലരും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചപ്പോൾ ഒരു തരി പൊന്നുപോലുമില്ലെന്നും ഇതെല്ലാം മുക്കുപണ്ടമാണെന്നും മോളി വിഡിയോയിൽ പറയുന്നു.