മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിംഗ് തിരക്കിലാണ് മമ്മൂട്ടി ഇപ്പോൾ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു ചെന്നൈയിൽ ആയിരുന്നു താരം എങ്കിൽ തൊട്ടടുത്ത ദിവസം ഇതിന്റെ തെലുങ്കു പതിപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു ഹൈദരാബാദിൽ ആയിരുന്നു. മാമാങ്കം തെലുങ്കു ഡബ്ബിങ് പതിപ്പ് അവിടെ വിതരണം ചെയ്യുന്നത് പ്രശസ്ത തെലുങ്ക് താരം അല്ലു അർജുന്റെ അച്ഛനായ അല്ലു അരവിന്ദിന്റെ ഗീത ആർട്സ് എന്ന ബാനർ ആണ്. അതിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ അല്ലു അരവിന്ദ് മമ്മൂട്ടിയുമായുള്ള തന്റെ ഒരു പഴയ രസകരമായ അനുഭവം ഏവരുമായും പങ്കു വെച്ചു.
പവൻ കല്യാൺ നായകനായ ഒരു സിനിമയിലെ വില്ലൻ വേഷം ചെയ്യാൻ താൻ ഒരിക്കൽ മമ്മൂട്ടിയെ ക്ഷണിക്കുകയുണ്ടായി എന്നും അന്ന് അദ്ദേഹം തന്നോട് ചോദിച്ചത് ഈ റോൾ ചെയ്യാൻ നിങ്ങൾ ചിരജീവിയെ ക്ഷണിക്കാൻ ധൈര്യം കാണിക്കുമോ എന്നായിരുന്നു എന്നും ഇല്ലെന്നായിരുന്നു തന്റെ മറുപടി എന്നും അല്ലു അരവിന്ദൻ പറയുന്നു. മമ്മൂട്ടി അന്യ ഭാഷ സിനിമകളിൽ നായക വേഷം അല്ലാതെ മറ്റു വേഷങ്ങൾ പൊതുവെ സ്വീകരിക്കാറില്ല എന്നതിന്റെ ഒരുദാഹരണം കൂടിയാണ് ഇപ്പോൾ അല്ലു അരവിന്ദിന്റെ വാക്കുകൾ. എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം രചിച്ചത് ശങ്കർ രാമകൃഷ്ണനും നിർമ്മിച്ചത് വേണു കുന്നപ്പിള്ളിയും ആണ്. ഡിസംബർ 12 ന് ചിത്രം നാലു ഭാഷകളിൽ റിലീസ് ചെയ്യും.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, അനുസിതാര, പ്രാചി ടെഹ്ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രം 400 റോളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും