പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ഹവീൽദാർ വസന്തകുമാറിന് ആദരാഞ്ജലികൾ അർപ്പിക്കുവാൻ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ജവാന്റെ വീട്ടിലും ശവകുടീരത്തിലും എത്തി. വീട്ടില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള വസന്തകുമാറിന്റെ ശവകുടീരത്തിൽ എത്തി മമ്മൂട്ടി പുഷ്പചക്രം സമര്‍പ്പിച്ചു. കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി വസന്തകുമാറിന്റെ ലക്കിടിയിലെ വീട്ടിലെത്തി വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ചത്. അതിനുശേഷം ഏറെനേരം അവർക്കൊപ്പം അദ്ദേഹം ചിലവഴിക്കുകയുമുണ്ടായി. മമ്മൂട്ടിയോടൊപ്പം നടൻ അബു സലിം, ബിജോ അലക്സാണ്ടർ (ഡെപ്യൂട്ടി സൂപ്രണ്ട് സ്പെഷൽ ബ്രാഞ്ച് വയനാട്) എന്നിവരും ഉണ്ടായിരുന്നു.
പതിനെട്ട് വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷമാണ് വി.വി വസന്തകുമാര്‍ വീരമൃത്യു വരിക്കുന്നത്. രണ്ട് വര്‍ഷത്തെ സേവനം കൂടി പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെ നാട്ടില്‍ അവധിക്ക് വന്ന് കഴിഞ്ഞ ഒമ്പതാം തീയതിയാണ് ബറ്റാലിയന് മാറ്റം കിട്ടി വസന്തകുമാര്‍ കശ്മീരിലേക്ക് മടങ്ങിയത്. പിന്നാലെ ബന്ധുക്കളെ തേടി എത്തിയത് ദുരന്തവാര്‍ത്തയായിരുന്നു. എട്ട് മാസങ്ങള്‍ക്ക് മുമ്പ് വസന്തകുമാറിന്റെ പിതാവ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വസന്തകുമാറിനെയും കുടുംബത്തിന് നഷ്ടമായിരിക്കുന്നത്.