അമ്മയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. മുടി നീട്ടി വളര്‍ത്തി കൂളിംഗ് ഗ്ലാസും ധരിച്ച മമ്മൂട്ടിയുടെ ചിത്രങ്ങളാണ് വൈറലായത്. സ്വീറ്റ് സെവന്റീസ് എന്നാണ് ആരാധകര്‍ ചിത്രത്തിനു കമന്റ് ചെയ്തിരിക്കുന്നത്.
ഉദ്ഘാടന പ്രസംഗത്തില്‍ മമ്മൂട്ടി നടത്തിയ ചില രസകരമായ ഡയലോഗുകളും ഇപ്പോള്‍ വൈറലാകുന്നുണ്ട്. താന്‍ ഈ എക്സ്ക്യൂട്ടിവില് മെമ്പറൊന്നുമല്ലെന്നും പിന്നെ കുറിച്ച് പ്രായമായ ആളെന്ന നിലയ്ക്ക് തന്നെ ഇവിടെ ക്ഷണിച്ച് ഇരുത്തിയതാണെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇത് കേട്ടതോടെ സദസിലും വലിയ കയ്യടികള്‍ ഉയര്‍ന്നു. ഉദ്ഘാടന പ്രസംഗമാണ്. ഞാന്‍ മാത്രമല്ല കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്, ഞങ്ങള്‍ രണ്ടുപേരും കൂടിയാണ്. പിന്നെ ഞാന്‍ ഈ എക്സിക്യൂട്ടീവില്‍ ഉള്ള ആളല്ല. പിന്നെ കുറച്ച് പ്രായമായ ആളെന്ന നിലയ്ക്ക് എന്നെ ക്ഷണിച്ച് ഇവിടെ ഇരുത്തിയതാണ്. ഒരു സീനിയര്‍ മെമ്പര്‍ എന്നുള്ള നിലയില്‍ (ചിരി).
എന്നെ വിളിച്ചിരുത്തിയതില് എനിക്ക് സന്തോഷമുണ്ട്. എന്നേക്കാള്‍ പ്രായം കുറഞ്ഞ, ചില പ്രായമുള്ള ആള്‍ക്കാരുണ്ട്. അവരെയൊന്നും ക്ഷണിച്ചിട്ടില്ല. എന്തോ ആവട്ടെ. എല്ലാം തീരുമാനിച്ച് അതിന്റെ ചിട്ടവട്ടത്തില്‍ പോകുന്നതുകൊണ്ടാണ്. എല്ലാവരേയും കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. എല്ലാവരുടേയും നല്ല ഭംഗിയുള്ള മുഖങ്ങളാണ്. ആര്‍ക്കും കാര്യമായി ഒന്നും പറ്റിയിട്ടില്ല. വളരെ സന്തോഷം. ഇതോടെ സദസില്‍ ചിരിയുയര്ന്നപ്പോള് ഞാന്‍ പറഞ്ഞത് എല്ലാവരും അവരവരെപ്പറ്റിയാണെന്ന് വിചാരിച്ചാല്‍ മതിയെന്നായിരുന്നു മമ്മൂട്ടിയുടെ അടുത്ത ഡയലോഗ്.
പിന്നെ ഈ ഉദ്ഘാടനപ്രസംഗം എന്ന് പറയുന്നത് ഒരു ചടങ്ങാണ്. യോഗവും കെട്ടിട ഉദ്ഘാടനത്തിന്റെ ഈ പരിപാടികളും ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു’ മമ്മൂട്ടി പറഞ്ഞു. അതേസമയം ഉദ്ഘാടന വേദിയില്‍ പലരും മാസ്ക് ധരിക്കാതെ ഇരുന്നപ്പോള്‍ ചടങ്ങിന് എത്തിയതുമുതല്‍ മാസ്ക്ക് മാറ്റാതെയായിരുന്നു മമ്മൂട്ടി വ്യത്യസ്തനായത്.
ഉദ്ഘാടന പ്രസംഗത്തിനായി മമ്മൂട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത് നടന് സിദ്ദിഖായിരുന്നു. മൈക്കിന് മുന്നിലെത്തിയ മമ്മൂട്ടിയോട് മാസ്ക് ഊരിക്കൂടേയെന്ന് സിദ്ദിഖ് ചോദിച്ചപ്പോള്‍ അതിന് താരം നല്കിയ മറുപടിയും വൈറലായിട്ടുണ്ട്. മാസ്ക് വെച്ചിരിക്കുന്നത് തനിക്ക് അസുഖം വരാതിരിക്കാനല്ലെന്നും മറിച്ച് തനിക്ക് അസുഖമുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കിട്ടാതിരിക്കാനാണെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി.
മുഖം എല്ലാവരും ഒന്ന് കണ്ടോട്ടെ, കുറച്ച് നേരത്തേക്കല്ലേ എന്ന് സിദ്ദിഖ് വീണ്ടും ചോദിച്ചപ്പോള്‍ മമ്മൂട്ടി മാസ്ക് മാറ്റി. മമ്മൂട്ടിയുടെ മുഖം കണ്ടതോടെ സദസില്‍ നിന്ന് വലിയ കയ്യടിയും ഉയര്‍ന്നു. തത്ക്കാലം ഇത് കയ്യിലിരിക്കട്ടെയന്ന് പറഞ്ഞാണ് മമ്മൂട്ടി സംസാരം തുടങ്ങിയത്.