മധുരരാജ മമ്മുക്കയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം
8 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന മധുരരാജ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം. പോക്കിരിരാജ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ ഈ രണ്ടാം ഭാഗത്തിനായി വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവർ വീണ്ടുമൊരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പുലിമുരുകന് വേണ്ടിയാണ് ഇരുവരും ഇതിന് മുൻപ് ഒന്നിച്ചത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന മധുരരാജയുടെ UK സ്റ്റുഡിയോസ് വിതരണം ചെയ്യുന്നു. കേരളത്തിലെയും തമിഴ് നാട്ടിലേയും ലൊക്കേഷനുകളിലായി 120ലേറെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മൂന്ന് ഷെഡ്യൂളിലായിട്ടാണ് ചിത്രീകരണം നടത്തുക. ആക്ഷനും കോമഡിയും ഇമോഷണൽ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേർന്ന ഒരു തട്ടുപൊളിപ്പൻ മാസ്സ് ചിത്രമായിരിക്കും മധുരരാജ.
2019 വിഷു റിലീസായി തീരുമാനിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് ഒൻപതിന് ആരംഭിക്കും. തമിഴ് നടൻ ജയ് ഒരു മുഴുനീള കഥാപാത്രം കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജഗപതി ബാബു വില്ലൻ വേഷത്തിലും ചിത്രത്തിൽ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഈ മൂന്ന് ഭാഷകളിൽ തന്നെ ഒരേസമയം റിലീസും ചെയ്യുന്നതാണ്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള VFX വിദഗ്ദ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. R K സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ, ബിജുക്കുട്ടൻ, സിദ്ധിഖ്, M R ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂർ, കരാട്ടെ രാജ്, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു.
ഷാജികുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുരുകൻ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. ജോസഫ് നെല്ലിക്കൻ കലാസംവിധാനവും രഞ്ജിത് അമ്പാടി മേക്കപ്പും നിർവഹിക്കുന്നു. സായിയാണ് കോസ്റ്റ്യും. പി എം സതീഷാണ് സൗണ്ട് ഡിസൈനർ. അരോമ മോഹൻ പ്രൊഡക്ഷൻ കൺട്രോളറായും വി എ താജുദ്ധീൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.