സോഷ്യൽ മീഡിയയെ ചുരുങ്ങിയ സമയം കൊണ്ട് കീഴടക്കിയ ഒന്നാണ് 10 ഇയർ ചലഞ്ച്. 10 വർഷത്തെ ഇടവേളയിൽ ഉണ്ടായ മാറ്റങ്ങൾ പങ്ക് വെച്ച് സെലിബ്രിറ്റികൾ അടക്കം അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു ചിത്രമാണ് നടിയും ഗായികയുമായ മമ്ത മോഹൻദാസ് ഷെയർ ചെയ്തത്. 2009ൽ കാൻസർ പിടിപെട്ട മമ്ത നീണ്ട പോരാട്ടത്തിന് ശേഷം തിരികെ എത്തിയ അനുഭവമാണ് 10 ഇയർ ചലഞ്ചിലൂടെ പങ്ക് വെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പേജ് വഴിയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.
“എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ച് എല്ലാം മാറ്റി മറിച്ച ഒരു വർഷമാണ് 2009. കഴിഞ്ഞ പോയ 10 വർഷങ്ങൾ തികഞ്ഞൊരു വെല്ലുവിളി തന്നെയായിരുന്നു. 2019ൽ തിരിഞ്ഞ് നോക്കുമ്പോൾ വിശ്രമമില്ലാതെ പോരാടി, തളർന്നു പോകാതെ ഞാൻ അതിജീവിച്ചുവെന്ന് അഭിമാനത്തോടെ തന്നെ ഞാൻ തിരിച്ചറിയുന്നു. ഇത്രയധികം വർഷം പോസിറ്റീവായി നിലനിൽക്കുക എന്നത് എന്ത് കൊണ്ട് ബുദ്ധിമുട്ടാണ്. പക്ഷേ ഞാൻ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ പ്രവർത്തിച്ച മറ്റു പലരുമുണ്ട്.”
ഈ ഒരു തിരിച്ചു വരവിൽ ശക്തമായി കൂടെ നിന്ന അച്ഛനും അമ്മക്കും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കുമെല്ലാം മമ്ത തന്റെ നന്ദി അറിയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രം 9, മോഹൻലാൽ ചിത്രം ലൂസിഫർ, ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങളാണ് മംമ്തയുടേതായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.