ഫെബ്രുവരി 26നു കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോര്‍ഡിങ്ങില്‍ പങ്കെടുക്കാന്‍ പോയതോടെയാണു മണിയൻപിള്ള രാജുവിനു കോവിഡ് പിടിപെട്ടത്.രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും തലവേദനയും ചുമയും തുടങ്ങി. കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ പ്രവേശിച്ചു. അവിടെ നിന്നു ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ന്യുമോണിയ പിടിപെട്ടതിനെ തുടര്‍ന്നു മറ്റൊരു ആശുപത്രിയിലെ ഐസിയുവിലേക്ക് മാറേണ്ടി വന്നു.18 ദിവസം ആശുപത്രിയില്‍ കിടന്നു. കഴിഞ്ഞ മാസം 25ന് ആശുപത്രി വിട്ടെങ്കിലും ആദ്യ ദിവസങ്ങളില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. വീട്ടിലെ വിശ്രമത്തിനു ശേഷം ഇപ്പോള്‍ പൂര്‍ണമായും ആരോഗ്യവാനായി.
കോവിഡും ന്യുമോണിയയും ശബ്ദത്തെ ബാധിച്ചിരുന്നെങ്കിലും അതെല്ലാം മാറിയെന്നും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനായെന്നും രാജു പറഞ്ഞു. തടസ്സങ്ങളൊന്നും ഇല്ലാതെ ഒരു ദിവസം കൊണ്ടു തന്നെ ഈ ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ അദ്ദേഹം ഏറെ സന്തോഷവാനാണ്. വരും ദിവസങ്ങളില്‍ ടി.കെ.രാജീവ്കുമാറിന്റെ ‘ബര്‍മുഡ’ എന്ന സിനിമയില്‍ അദ്ദേഹം അഭിനയിക്കും. തിരുവനന്തപുരത്തു തന്നെയാണ് ഇതിന്റെ ചിത്രീകരണം. കോവിഡ് മൂലം ഉള്ള ആരോഗ്യ പ്രശ്നങ്ങള്‍ എല്ലാം മാറിയെന്നും ഇനി സിനിമയില്‍ കൂടുതല്‍ സജീവമാകണമെന്നും രാജു പറയുന്നു. കോവിഡിനു പിന്നാലെ ന്യുമോണിയ കൂടി ബാധിച്ചതോടെ അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരുന്നു. മനസ്സ് ദുര്‍ബലമാകാതെ ശക്തമായ പിന്തുണ നല്കിയതു ഡോക്ടര്‍മാര്‍ ആയിരുന്നു.