ദുൽഖർ സൽമാൻ നിർമാണത്തിൽ നവാഗതനായ ശംസു സയ്ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകൻ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് എത്തിയിരിക്കുകയാണ്. ദുൽഖർ തന്നെയാണ് ഈ പോസ്റ്റർ ഫെയ്സ്ബുക്കിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്. വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമ്മിക്കുന്ന സസ്പെൻസ് നിറഞ്ഞ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ഗ്രിഗറിയും നായിക അനുപമ പരമേശ്വരനും ആണ്.
ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിനീത് കൃഷ്ണൻ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായർ സംഗീതവും നിർവഹിക്കുന്നു. അരുൺ എസ് മണി, വിഷ്ണു പിസി എന്നിവർ സൗണ്ട് ഡിസൈനും ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനറുമാണ്. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഇതിനിടെ ദുൽഖർ സൽമാൻ നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽക്കർ പോലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ് എത്തുന്നത്.ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് ബോബി സഞ്ജയ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ഇത്.അടുത്ത വർഷം ചിത്രം തിയറ്ററുകളിലേക്ക് എത്തും.അടുത്ത വർഷം ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ലഭിക്കുന്ന സൂചന.തിരുവനന്തപുരം ആണ് പ്രധാന ലൊക്കേഷൻ.60 ദിവസം നീണ്ടു നിൽക്കുന്ന ഷൂട്ട് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്.