മഴവിൽ മനോരമയിലെ ‘വെറുതെ അല്ല ഭാര്യ’ എന്ന ഷോയിലൂടെ മിനിസ്ക്രീനിൽ എത്തി ഇപ്പോൾ സിനിമകളിലൂടെ ബിഗ് സ്ക്രീനിൽ തിളങ്ങുന്ന താരമാണ് മഞ്ജു സുനിച്ചൻ. മഞ്ജുവിന്റെ അഭിനയ മികവ് തെളിയിച്ച മറ്റൊരു വേദിയാണ് മറിമായം എന്ന പരിപാടി. കുട്ടിക്കാലം മുതൽ വളരെ തടിച്ചിരുന്ന മഞ്ജുവിന് വീപ്പ, തടിച്ചി, കുട്ടിയാന എന്നിങ്ങനെ പല ഇരട്ടപ്പേരുകളും സ്കൂളിൽനിന്നു കിട്ടിയിട്ടുണ്ട്. തന്നെപ്പോലെ വണ്ണം കൂടുതലുള്ളവരെല്ലാം നേരിടുന്ന ഒരു പ്രശ്നമാണ് എന്നും അങ്ങനെ പേരുകേൾക്കുമ്പോൾ തനിക്ക് വളരെയധികം വിഷമം ഉണ്ടാകാറുണ്ട് എന്നും മഞ്ജു പറയുന്നു.
അന്നൊക്കെ വണ്ണം കുറയ്ക്കാൻ നോക്കിയെങ്കിലും അതൊന്നും ഫലവത്തായില്ല എന്നും എന്നാൽ ഇപ്പോൾ വണ്ണം കുറയ്ക്കാൻ രണ്ട് കാരണങ്ങളുണ്ടെന്നും മഞ്ജു പറയുന്നു. സിനിമയിലെത്തിയപ്പോൾ പ്രൊഫഷന്റെ ഭാഗമായി വണ്ണം കുറച്ചു എന്നും അതോടൊപ്പം സ്ക്രീനിൽ കാണുമ്പോൾ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ ഇരട്ടി വണ്ണം തോന്നിക്കും എന്നും മഞ്ജു പറയുന്നു. മഞ്ജുവിന് തന്നെ ആ വണ്ണം വൃത്തികേടായി തോന്നുകയും പിന്നീട് അസഹ്യമായ മുട്ടുവേദന പിടികൂടുകയും ചെയ്തു. അങ്ങനെ ഭക്ഷണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി 89 കിലോയിൽ നിന്നും 75 കിലോ ആയി മാറി.