നിവിൻ പോളി,നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൗ ആക്ഷൻ ഡ്രാമ . കഴിഞ്ഞ വർഷം ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ഒന്നാം വാർഷികം കൂടിയാണ് ഇന്ന്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കാനുള്ള എല്ലാം ചിത്രത്തിൽ യഥേഷ്ടം സംവിധായകൻ ധ്യാൻ ശ്രീനിവാസൻ ഒരുക്കിയിരുന്നു. മികച്ച റിപ്പോർട്ടുകൾ സ്വന്തമാക്കിയ ചിത്രം കഴിഞ്ഞ വർഷത്തെ വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു. ഓണം റിലീസുകളിൽ ഏറ്റവും വലിയ വിജയം നേടിയ ചിത്രവും ലൗ ആക്ഷൻ ഡ്രാമ തന്നെയായിരുന്നു. ചിത്രത്തിലെ കുടുക്ക് എന്ന ഗാനം സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ച അലയൊലികൾ ഏറെ വലുതായിരുന്നു. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ മറ്റൊരു ചിത്രവുമായി എത്തുകയാണ് ഫന്റാസ്റ്റിക്ക് ഫിലിംസ് ഇപ്പോൾ
9MM എന്നാണ് ചിത്രത്തിന്റെ പേര്. മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഡിനിൽ ബാബുവാണ്. മഞ്ജു വാര്യരുടെ അമ്പതാമത് ചിത്രമായാണ് 9MM ഒരുങ്ങുന്നത്. മഞ്ജു വാര്യരെ കൂടാതെ സണ്ണി വെയ്ൻ, ദിലീഷ് പോത്തൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. ടിനു തോമസും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാണ്. സാം സി എസ് സംഗീതവും വെട്രി പളനിസാമി ഛായാഗ്രഹണവും നിർവഹിക്കുന്നു.