സിനിമകളിൽ മാത്രമല്ല പരസ്യചിത്രങ്ങളിൽ പോലും സ്റ്റൈലിഷ് ആണ് മഞ്ജു വാര്യർ. മൈജിയുടെ പുതിയ പരസ്യത്തിൽ കുട്ടിത്തത്തിന്റെ നിറകുടവുമായി എത്തിയിരിക്കുകയാണ് താരം. കുട്ടിക്കുപ്പായം അണിഞ്ഞ് കുറുമ്പുകൾ കാണിച്ച് പരസ്യചിത്രത്തിൽ തകർത്താടുകയാണ് മഞ്ജു വാര്യർ. നല്ല കളർഫുൾ ആയാണ് പരസ്യ വീഡിയോ. പരസ്യം കാണുമ്പോൾ ഒരു കൊച്ചുപെൺകുട്ടി തന്റെ കുസൃതിയുമായി ആടി തിമിർക്കുന്നതു പോലെ തോന്നും.
നിലവിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദുബായിലാണ് താരം. ‘ആയിഷ’യാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്ന മഞ്ജു വാര്യർ ചിത്രം. മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ‘ആയിഷ’യുടെ ചിത്രീകരണം റാസൽ ഖൈമയിൽ ആണ്. ചിത്രത്തിന്റെ കോറിയോഗ്രാഫർ പ്രഭുദേവയാണ്. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനായി കഴിഞ്ഞയിടെ അദ്ദേഹം യു എ ഇയിൽ എത്തിയിരുന്നു. നീണ്ട ഇടവേളക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് നൃത്തം ചിട്ടപ്പെടുത്തുന്നത്.
നവാഗതനായ ആമിർ പള്ളിക്കാൽ ആണ് ‘ആയിഷ’യുടെ സംവിധാനം. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും എത്തും. മഞ്ജു വാര്യരെ കൂടാതെ രാധിക, സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ(യു എ ഇ), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അഭിനേതാക്കളായി എത്തുന്നുണ്ട്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കറിയ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ ഫെദർ ടച്ച് മൂവി ബോക്സ്, ഇമാജിൻ സിനിമാസ്, ലാസ്റ്റ് എക്സിറ്റ് സിനിമാസ് എന്നീ ബാനറുകളിൽ ശംസുദ്ധീൻ, സക്കറിയ വാവാട്, ഹാരിസ് ദേശം , അനീഷ് പി.ബി എന്നിവരാണ്. എം ജയചന്ദ്രൻ ആണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം – വിഷ്ണു ശർമ. എഡിറ്റർ – അപ്പു എൻ ഭട്ടതിരി, കലാസംവിധാനം – മോഹൻദാസ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, ചമയം – റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് – ബിനു ജി നായർ, ഗാനരചന – ബി കെ ഹരിനാരായണൻ, സുഹൈൽ കോയ. ശബ്ദ സംവിധാനം – വൈശാഖ്, നിശ്ചലചിത്രം – രോഹിത് കെ സുരേഷ്, ലൈൻ പ്രൊഡ്യൂസർ – റഹിം പി എം കെ. ചിത്രത്തിന്റെ ഇന്ത്യയിലെ ചിത്രീകരണം ഡൽഹി, ബോംബെ എന്നിവിടങ്ങളിലായ് നടക്കും.