നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രിയ നായികയുടെ ജന്മദിനം വർണാഭമാക്കുവാൻ കിടിലൻ മാഷപ്പാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ പത്തിനാണ് മഞ്ജു വാര്യരുടെ ജന്മദിനം.
മഞ്ജു വാര്യരുടെ കടുത്ത ആരാധകനായ വിബിൻ വർഗീസ് വി ബിയാണ് മാഷപ്പ് ഒരുക്കിയിരിക്കുന്നത്. മികച്ച നടിക്കുള്ള ദേശീയ അവാർഡിൽ പ്രത്യേക പരാമർശം, മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ്, ഫിലിംഫെയർ അവാർഡുകൾ, ഏഷ്യാവിഷൻ, വനിത, ഏഷ്യാനെറ്റ്, നാഫാ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള മഞ്ജു വാര്യർ മലയാളത്തിലെ ആദ്യ 200 കോടി ചിത്രം ലൂസിഫറിന്റെയും ഭാഗമായിട്ടുണ്ട്. കൂടാതെ ധനുഷിന്റെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിച്ച അസുരനും നൂറു കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. മഞ്ജു വാര്യർ എന്ന പേര് തന്നെ ഇപ്പോൾ മോളിവുഡിൽ ഒരു ബ്രാൻഡായി തീർന്നിരിക്കുകയാണ്.