സെലിബ്രിറ്റികൾ ഓരോരുത്തരായി സിനിമ നിർമാണ രംഗത്തേക്ക് കാലെടുത്ത് വെക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രേക്ഷകർ കണ്ടു കൊണ്ടിരിക്കുന്നത്. ആ ഒരു നിരയിലേക്ക് ഇപ്പോഴിതാ ഒരു പുതിയ ഒരു നിർമാതാവും കൂടിയെത്തുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായിക മഞ്ജു വാര്യരാണ് സിനിമ നിർമാണത്തിലും തന്റെ പങ്ക് പുലർത്തുവാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. സനൽ കുമാർ ശശിധരൻ രചനയും എഡിറ്റിംഗും ശബ്ദമിശ്രണവും സംവിധാനവും നിർവഹിക്കുന്ന കയറ്റം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു വാര്യർ നിർമാതാവാകുന്നത്. റോട്ടർഡാം ചലചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടിയ എസ്. ദുർഗ്ഗക്കും ഈ വർഷത്തെ വെനീസ് മേളയിൽ മത്സരവിഭാഗത്തിൽ ഇടം പിടിച്ച ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹർ (കയറ്റം).
അപകടം നിറഞ്ഞ ഹിമാലയൻ മലനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. പത്തു പാട്ടുകളിലൂടെ സംഗീതം അടിമുടി നിറഞ്ഞ ഈ സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. മലയാളത്തിനു പൂറമേ, ഈ സിനിമയ്ക്കായി രൂപപ്പെടുത്തിയ അഹർ സംസ എന്ന ഭാഷയിലും ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യരും കൂടെയുള്ളവരും ഹിമാലയത്തിൽ പ്രളയദുരിതത്തിൽ അകപ്പെട്ടത്. ഫേസ്ബുക്ക് പേജിലൂടെ മഞ്ജു വാര്യർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്ക് വെച്ചിരിക്കുകയാണ്.
മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, നിവ് ആർട്ട് മൂവീസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് കയറ്റത്തിന്റെ നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് :ബിനീഷ് ചന്ദ്രൻ & ബിനു ജി നായർ, കാമറ: ചന്ദ്രു സെൽവരാജ്, സൗണ്ട് റെക്കോഡിങ്: നിവേദ് മോഹൻദാസ്, കളറിസ്റ്: ലിജു പ്രഭാകർ, ചീഫ് അസ്സോസിയേറ്റ്: ജിജു ആന്റണി പോസ്റ്റ് പ്രൊഡക്ഷൻ അസ്സോസിയേറ്റ്: ചാന്ദിനി ദേവി, സ്റ്റിൽസ്: ഫിറോഷ് കെ ജയേഷ്, ലൊക്കേഷൻ മാനേജർ: സംവിദ് ആനന്ദ്, പ്രൊഡക്ഷൻ ഡിസൈൻ & പബ്ലിസിറ്റി: ദിലീപ് ദാസ്, സ്റ്റുഡിയോ: രംഗ് റെയ്സ് & കാഴ്ച ക്രീയേറ്റിവ് സ്യൂട്ട്