ധനുഷിന്റെ നായികയായി മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യർ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആടുകളം, വിസാരണൈ, വടചെന്നൈ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ വെട്രിമാരൻ സംവിധാനം നിർവഹിക്കുന്ന അസുരനിലൂടെയാണ് മഞ്ജു വാര്യർ തമിഴിലേക്ക് എത്തുന്നത്. കലൈപുളി എസ് തനു നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കും. “ഇതിൽ കൂടുതൽ എന്താണ് ആഗ്രഹിക്കേണ്ടത്? ഞാനും ഏറെ ആവേശത്തിലാണ്” തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ കാര്യം അറിയിച്ച് ഫേസ്ബുക്ക് പേജിൽ കുറിച്ചതാണ് മഞ്ജു വാര്യർ ഈ വാക്കുകൾ. സംവിധായകൻ വെട്രിമാരനും നായകൻ ധനുഷിനും നന്ദി പറയാനും മഞ്ജു വാര്യർ മറന്നില്ല.
മഞ്ജു വാര്യർ നായികയായി അവസാനം തീയറ്ററുകളിലെത്തിയ മോഹൻലാൽ ചിത്രമായ ഒടിയൻ സമ്മിശ്രപ്രതികരണങ്ങൾക്കിടയിലും 100 കോടി ക്ലബ്ബിൽ ഇടം നേടി കുതിക്കുകയാണ്. മോഹൻലാൽ തന്നെ നായകനായ പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന ലൂസിഫർ, ജാക്ക് ആൻഡ് ജിൽ, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.